വയനാടിന് വായ്പ: കേരളത്തോടുള്ള വെല്ലുവിളിയെന്ന് വി.ഡി. സതീശൻ
Saturday, February 15, 2025 1:40 AM IST
തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായി പ്രത്യേക സാന്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന് പകരം 529.50 കോടി രൂപ വായ്പ അനുവദിച്ച കേന്ദ്ര സർക്കാർ നടപടി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയും പരിഹാസവുമാണ്.
50 വർഷത്തേക്കുള്ള വായ്പാ പദ്ധതിയിൽ ഉൾപ്പെടുത്തി 16 പദ്ധതികൾക്കായി അനുവദിച്ചിരിക്കുന്ന പലിശരഹിത വായ്പ മാർച്ച് 31ന് മുൻപ് വിനിയോഗിക്കണമെന്നതാണ് നിർദേശം. ഇത് അപ്രായോഗികമാണ്. കേരളത്തെ സഹായിച്ചെന്നു വരുത്തിതീർത്ത് ശ്വാസം മുട്ടിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം.
പ്രകൃതി ദുരന്തങ്ങളുണ്ടായ മറ്റു സംസ്ഥാനങ്ങളെ സാന്പത്തികമായി സഹായിച്ച അതേ സർക്കാരാണ് കേരളത്തിന് അർഹതപ്പെട്ട ധനസഹായം പോലും നിഷേധിക്കുന്നത്. വായ്പയല്ല, 2000 കോടിയുടെ പ്രത്യേക സാന്പത്തിക പാക്കേജാണ് കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിക്കേണ്ടത്.
അത് നൽകാനുള്ള ഭരണഘടനാപരമായ ബാധ്യതയും കേന്ദ്ര സർക്കാരിനുണ്ട്. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ കെട്ടുറപ്പിനെ തന്നെ ഇല്ലാതാക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നു സതീശൻ കുറ്റപ്പെടുത്തി.