കിണറ്റിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം
Saturday, February 15, 2025 1:40 AM IST
തൃശൂർ: കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയയാളുടെ മൃതദേഹത്തിൽനിന്നു കിട്ടിയ ബിവറേജ് ബിൽ തുന്പാക്കി നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞതു കൊലപാതകക്കുറ്റം.
കൂർക്കഞ്ചേരി തങ്കമണിക്കയറ്റത്തിനു സമീപമുള്ള പറമ്പിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയ സംഭവമാണു കൊലപാതകമെന്നു തെളിഞ്ഞത്. സംഭവത്തിൽ പ്രതിയായ വെളുത്തൂർ പറക്കാട് സ്വദേശി പൊറക്കോട്ട് വീട്ടിൽ വിനയനെ(36) ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ എട്ടിനാണു ചെന്പൂക്കാവിലെ വർക്ക്ഷോപ്പ് ജീവനക്കാരൻ ഊരകം വല്ലച്ചിറ കടലാശേരി നായരുപറമ്പിൽ സന്തോഷിന്റെ (54) മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. ദുർഗന്ധം വമിച്ചു പുഴുവരിച്ച മൃതദേഹത്തിനു നാലു ദിവസത്തെ പഴക്കമുണ്ടായിരുന്നു.
മൃതദേഹത്തിൽ പരിക്കുകൾ ഉണ്ടായിരുന്നില്ല. ധരിച്ചിരുന്ന വസ്ത്രത്തിന്റെ പോക്കറ്റിൽനിന്നു ലഭിച്ച ഫോൺനന്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു മരിച്ചയാളെ തിരിച്ചറിഞ്ഞത്. ഇവിടെനിന്നു പോലീസിന് ഒരു ബിവറേജ് ബില്ലും കിട്ടിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരായ എസ്പി സലീഷ് എൻ. ശങ്കരനും ഈസ്റ്റ് സിഐ ജിജോയും വിവരങ്ങൾ കമ്മീഷണറെ ധരിപ്പിച്ചപ്പോൾ രഹസ്യാന്വേഷണത്തിന് ഉത്തരവിടുകായിയിരുന്നു. തുടർന്ന് എസിപിയുടെയും സിഐയുടെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണു കൊലപാതകമെന്നു തെളിഞ്ഞത്.
ബില്ലിലെ സമയംവച്ചു സിസിടിവി പരിശോധിച്ച് ബില്ലുടമയെ കണ്ടെത്തുകയും ഡ്രസ് കോഡിലൂടെ ബിവറേജിലെത്തിയതു മരിച്ചയാൾതന്നെയെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ദൃശ്യങ്ങളിലൂടെ മരിച്ചയാൾ ഒറ്റയ്ക്കല്ലെന്നും കൂടെ വേറെയും ആളുകളുണ്ടെന്നും കണ്ടെത്തി.
സന്തോഷ് ഇക്കഴിഞ്ഞ എട്ടിനു മറ്റു മൂന്നു പേരും ചേർന്ന് മെട്രോപോളിറ്റൻ ആശുപത്രിക്കുസമീപം ഒഴിഞ്ഞുകിടക്കുന്നപറമ്പിലേക്കു പോകുന്നതായും തിരിച്ച് സന്തോഷ് ഒഴികെ മറ്റു മൂന്നു പേർ തിരികെ പോകുന്നതായും സമീപത്തെ സിസി ടിവി കാമറയിൽനിന്നു തെളിഞ്ഞു. തുടർന്നു നടത്തിയ അന്വേഷണത്തിൽ പനമുക്ക് താഴത്ത് വീട്ടിൽ രാജൻ (52) എന്നയാളെ പിടികൂടി.
ഇയാളെ ചോദ്യംചെയ്തതിൽ കൂടെയുണ്ടായിരുന്ന വിനയൻ, ഡാനി, സന്തോഷ് എന്നിവർ ചേർന്നു കിണറിനുസമീപം ഇരുന്നു മദ്യപിച്ചതായും ചെമ്പുകമ്പി വിറ്റ കാശിന്റെ പേരിൽ സന്തോഷുമായി തർക്കം ഉണ്ടായതിനെതുടർന്ന് വിനയൻ സന്തോഷിനെ കിണറ്റിലേക്കു തള്ളിയിടുകയായിരുന്നുവെന്നും തെളിഞ്ഞു.