കൊയിലാണ്ടി ഉത്സവ ദുരന്തം; ക്ഷേത്ര കമ്മിറ്റിക്കും ദേവസ്വം ബോര്‍ഡിനും എതിരേ കേസ്
Saturday, February 15, 2025 1:40 AM IST
കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ആനയിടഞ്ഞ് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ മന്ത്രി എ.കെ ശശീന്ദ്രന് നിര്‍ദേശം നല്കി.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച സോഷ്യല്‍ ഫോറസ്ട്രി വിഭാഗം കണ്‍സര്‍വേറ്റര്‍ ആര്. പ്രീതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ആനയുടെ ഉടമസ്ഥനായ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്, ക്ഷേത്രം ഭാരവാഹികള്‍ എന്നിവര്‍ക്കെതിരേ കേസെടുക്കാനാണു തീരുമാനം. ഇവരുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപം നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
ആന എഴുന്നള്ളിപ്പിനുള്ള 2012ലെ നാട്ടാന പരിപാലന ചട്ടം പാലിക്കപ്പെട്ടിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ആനകള്‍ക്ക് ഇടച്ചങ്ങല ഇടാനുള്ള നിര്‍ദേശം പാലിച്ചില്ല. വെടിക്കെട്ട് നടത്തിയത് അശ്രദ്ധമായാണെന്നും ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാതൃകാപരമായ ശിക്ഷാ നടപടികളുമായി മുന്നോട്ടുപോകുമെന്നു മന്ത്രി അറിയിച്ചു.
ഈ ക്ഷേത്രത്തിന് ആനയെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ, ക്ഷേത്രത്തില്‍ ആന ഇടഞ്ഞ് മൂന്നു പേര് മരിച്ച ദാരുണ സംഭവത്തില്‍ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിന്റെ ഭാഗമായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസിന്റെ തീരുമാനം. കുറ്റക്കാര്‍ ആരായാലും മുഖം നോക്കാതെയുള്ള അന്വേഷണമായിരിക്കും നടത്തുകയെന്ന് പോലീസ് വ്യക്തമാക്കി. സിഐ ശ്രീലാല്‍ ചന്ദ്രശേഖരനാണ് അന്വേഷണച്ചുമതല.
ആനകളെ ദൂരേക്കു കൊണ്ടുപോയത് എന്തടിസ്ഥാനത്തിലെന്ന് കോടതി
കൊച്ചി: കൊയിലാണ്ടിയില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍.
കുറുവങ്ങാട് മണക്കുളങ്ങര ഭഗവതീ ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഭവം സംബന്ധിച്ച വിശദീകരണത്തിന് ആനകളുമായി ബന്ധപ്പെട്ട രജിസ്റ്ററുകളടക്കം ഗുരുവായൂര്‍ ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ തിങ്കളാഴ്ച നേരിട്ടു ഹാജരാകണമെന്ന് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്കി. വനംവകുപ്പ്, ഗുരുവായൂര്‍ ദേവസ്വം എന്നിവരുടെ വിശദീകരണവും തേടി.
ഇടഞ്ഞ പീതാംബരന്, ഗോകുല്‍ എന്നീ ആനകളുടെയടക്കം ഭക്ഷണം, ട്രാന്സ്പോര്ട്ടേഷന് അടക്കമുള്ള രജിസ്റ്ററുകള്‍ ഹാജരാക്കാനാണ് ലൈവ് സ്റ്റോക്ക് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ക്കു നിര്‍ദേശം നൽകിയിരിക്കുന്നത്. ദൂരസ്ഥലങ്ങളിലേക്ക് ആനകളെ കൊണ്ടുപോകാന്‍ അനുമതി നല്‍കിയത് എന്തടിസ്ഥാനത്തിലാണെന്ന് ഹര്‍ജി പരിഗണിക്കവേ കോടതി ആരാഞ്ഞു.
ഗുരുവായൂര്‍ ദേവസ്വത്തിനു കീഴിലെ പുന്നത്തൂര്‍ ആനക്കോട്ട വൃത്തിയായി സൂക്ഷിക്കാനും ആനകള്‍ക്ക് മികച്ച പരിചരണം ഉറപ്പുവരുത്താനും ഉത്തരവിടണമെന്നടക്കം ആവശ്യപ്പെട്ട് ഏഷ്യന്‍ എലഫന്റ് സൊസൈറ്റി പ്രസിഡന്റ് സംഗീത അയ്യര്‍ നല്കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.