എസ്എഫ്ഐയെ പിരിച്ചുവിടൂ: സിപിഎമ്മിനോട് വി.ഡി. സതീശൻ
Saturday, February 15, 2025 1:40 AM IST
തിരുവനന്തപുരം: എസ്എഫ്ഐയെ പിരിച്ചുവിടുകയാണ് സിപിഎം ചെയ്യേണ്ടതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പുരോഗമനചിന്തയുള്ള വിദ്യാർഥി സമൂഹത്തെയാണ് റാഗിംഗിലൂടെ ഇവർ 40 വർഷം പിന്നിലേക്ക് കൊണ്ടുപോകുന്നത്.
വയനാട്ടിൽ സിദ്ധാർഥനു സംഭവിച്ച ദുരന്തത്തിന്റെ തുടർച്ചയാണ് കോട്ടയം നഴ്സിംഗ് കോളജിലെ റാഗിംഗ് ക്രൂരതയും. കൊലപാതകത്തിലേക്ക് എത്തിയില്ലെന്നു മാത്രമേയുള്ളൂ. ഇതു കേരളത്തിലെ പല കോളജ് ഹോസ്റ്റലുകളിലും നടക്കുന്നുണ്ട്.
പൂക്കോട് സംഭവത്തിൽ പ്രതികളായ എസ്എഫ്ഐക്കാരെ സംരക്ഷിക്കാനുള്ള ശ്രമം സർക്കാരിന്റെയും സിപിഎമ്മിന്റെയും ഭാഗത്തു നിന്നുണ്ടായി. കോട്ടയം നഴ്സിംഗ് കോളജിലും റാഗിംഗിനു നേതൃത്വം നൽകിയത് എസ്എഫ്ഐയുമായി ബന്ധമുള്ള സംഘടനയുടെ സംസ്ഥാന സെക്രട്ടറിയാണ്.
ആരും അറിയാതെ ഇത്രയും ക്രൂരമായ അക്രമം ഹോസ്റ്റലിൽ നടന്നു എന്നത് അവിശ്വസനീയമാണ്. ഇതുപോലുള്ള പ്രതികളെ സംരക്ഷിക്കാൻ ഇറങ്ങരുതെന്നാണ് മുഖ്യമന്ത്രിയോടും സർക്കാരിനോടും പറയാനുള്ളത്.
പൂക്കോടും അറിയപ്പെടുന്ന എസ്എഫ്ഐ നേതാക്കളായിരുന്നു പ്രതികൾ. അവർക്ക് ഒരു കുഴപ്പവും ഉണ്ടായില്ല. അവർ പരീക്ഷ എഴുതുകയും ചെയ്തുവെന്നും സതീശൻ പറഞ്ഞു.