സിദ്ധാര്‍ഥന്റെ മരണം: പ്രതികളെ കോളജില്‍ പ്രവേശിപ്പിച്ചതിനെതിരായ ഹർജി അടുത്തമാസം പരിഗണിക്കും
Saturday, February 15, 2025 1:40 AM IST
കൊച്ചി: വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ 17 വിദ്യാര്‍ഥികളെ കോളജില്‍ പ്രവേശിപ്പിച്ചതിനെതിരേയുള്ള ഹര്‍ജി ഹൈക്കോടതി അടുത്ത മാസം നാലിനു പരിഗണിക്കാന്‍ മാറ്റി.
കോടതി നിര്‍ദേശപ്രകാരമുള്ള ആന്റി റാഗിംഗ് സ്ക്വാഡിന്റെ അന്വേഷണറിപ്പോര്‍ട്ടിനു വിധേയമായി വിദ്യാര്‍ഥികള്‍ക്ക് മണ്ണുത്തി കാമ്പസില്‍ പഠനം തുടരാന്‍ അനുമതി നല്‍കിയതടക്കം 2024 ഡിസംബറിലെ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സിദ്ധാര്‍ഥന്റെ അമ്മ എം.ആര്. ഷീബ നല്കിയ അപ്പീല്‍ ഹര്‍ജിയാണ് ജസ്റ്റീസുമാരായ അമിത് റാവല്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലുള്ളത്.
സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തിരിക്കുകയാണ്. മണ്ണുത്തി കാമ്പസില്‍ പഠനം തുടരാന്‍ അനുവദിക്കണമെന്ന ആവശ്യം പ്രതികളായ വിദ്യാര്‍ഥികള്‍പോലും ഉന്നയിക്കാതിരിക്കേ, സിംഗിള്‍ ബെഞ്ച് അത്തരമൊരു ഉത്തരവിട്ടത് തെറ്റാണെന്നായിരുന്നു അപ്പീലിലെ വാദം.
2024 ഫെബ്രുവരി 18നാണ് സിദ്ധാര്‍ഥനെ സര്‍വകലാശാല ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.