കേന്ദ്രത്തിന്റെ വ്യാപാര വിരുദ്ധ നയങ്ങള്‍ക്കെതിരേ പാര്‍ലമെന്റ് മാര്‍ച്ച്
Saturday, February 15, 2025 1:40 AM IST
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വ്യാപാര വിരുദ്ധ നയങ്ങള്‍ക്കെതിരേ 18ന് പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര അറിയിച്ചു.
വിദേശി- സ്വദേശി കുത്തകകളില്‍നിന്നും ചെറുകിട വ്യാപാരികളെ സംരക്ഷിക്കുക, ഓണ്‍ലൈന്‍ വ്യാപാരത്തിന്മേല് സെസ് ഏര്‍പ്പെടുത്തുക, വാടകയ്ക്കുമേലുള്ള ജിഎസ്ടിയില്‍നിന്ന് വ്യാപാരികളെ പൂര്‍ണമായും ഒഴിവാക്കുക, ജിഎസ്ടി കൗണ്‍സില്‍ തീരുമാനങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തതിനുശേഷം മാത്രം നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
18നു രാവിലെ 10ന് ഡല്‍ഹി ജന്തര്‍മന്ദറില്‍ നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ച് കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും.
രാജു അപ്സര അധ്യക്ഷനാകുന്ന ചടങ്ങില്‍ ഭാരതീയ ഉദ്യോഗ വ്യാപാര മണ്ഡല് ദേശീയ പ്രസിഡന്റ് ബാബുലാല്‍ ഗുപ്ത മുഖ്യ പ്രഭാഷകനാകും.
കേരളത്തില്‍നിന്നുള്ള എംപിമാര്‍, ഭാരതീയ ഉദ്യോഗ് വ്യാപാര മണ്ഡല് ദേശീയ നേതാക്കള്‍, വ്യാപാര വ്യവസായ ഏകോപന സമിതിയുടെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി, സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസിയ മേച്ചേരി, സംസ്ഥാന ട്രഷറര്‍ എസ്. ദേവരാജന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് കെ.വി. അബ്ദുല്‍ ഹമീദ് തുടങ്ങിയവർ പ്രസംഗിക്കും.