കോട്ടയം ഗവ. നഴ്സിംഗ് കോളജ് ഹോസ്റ്റലിലെ ക്രൂരതയുടെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
Friday, February 14, 2025 6:35 AM IST
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിനു കീഴിലുള്ള ഗവൺമെന്റ് നഴ്സിംഗ് കോളജ് ഹോസ്റ്റലിൽ റാഗിംഗിന്റെ പേരിൽ നടന്നകൊടുംക്രൂരതകളുടെ ദൃശ്യങ്ങൾ പുറത്ത്. വണ്‍, ടു, ത്രീ, ഫോര്‍...എന്നു വിളി ച്ചുപറഞ്ഞ് നഗ്നരാക്കി കൈകാലുകള്‍ കട്ടിലില്‍ ബന്ധിച്ചശേഷം ഇരയുടെ ശരീരത്തിലുടനീളം കോമ്പസും ഡിവൈഡറും ഉപയോഗിച്ച് കുത്തിക്കിഴിക്കുന്ന ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്.
രക്തം വാര്‍ന്നൊഴുകി മരണവേദനയില്‍ ജൂണിയര്‍ വിദ്യാര്‍ഥി പിടയുമ്പോള്‍ മുറിവിലേക്ക് ലോഷന്‍ ഒഴിക്കും. കൂടെ ക്രീം തേയ്ക്കും. നിലവിളിച്ചാല്‍ ക്രൂരമായി മർദിക്കും. തേങ്ങിക്കരയുമ്പോള്‍ ""നീയെന്താ നായയെപ്പോലെ മോങ്ങുന്നതെന്നു'' പറഞ്ഞ് അധിക്ഷേപിക്കും. ഇതെല്ലാം വീഡിയോയില്‍ റിക്കാര്‍ഡ് ചെയ്ത് പിന്നീട് കണ്ടു രസിക്കും. അടുപ്പക്കാര്‍ക്ക് ഷെയര്‍ ചെയ്യും.
പീഡനത്തിനിരയായ വിദ്യാര്‍ഥികളെ പ്രതികള്‍ ഒരിക്കല്‍ ബലമായി മദ്യവും കുടിപ്പിച്ചു. മൊബൈലില്‍ ചിത്രീകരിച്ച മദ്യപാനരംഗങ്ങള്‍ അധികൃതരെ കാട്ടുമെന്ന് ഭീഷണിപ്പെടുത്തിയാണ് മൂന്നു മാസം മുമ്പ് പണപ്പിരിവും പീഡനവും തുടങ്ങിയത്.
പലപ്പോഴും അര്‍ധരാത്രി പ്രതികളുടെ മുറിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. നിലവിളി പുറത്തേക്ക് കേള്‍ക്കാതിരിക്കാന്‍ മുറിയില്‍ ഉച്ചത്തില്‍ പാട്ട് വയ്ക്കും. എല്ലാ ആഴ്ചകളിലും ജൂണിയര്‍ വിദ്യാര്‍ഥികള്‍ സീനിയര്‍ ഗുണ്ടകള്‍ക്ക് 800 രൂപവീതം മദ്യപാനത്തിനു നല്‍കണമായിരുന്നു. ഇതു നല്കാത്തവരെ രാത്രി ക്രൂരമായി ആക്രമിക്കും.
പ്രതികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളില്‍നിന്നു ഗൂഗിള്‍ പേ വഴി പതിവായി പണം വാങ്ങിയതിന്റെ തെളിവുകള്‍ പോലീസിന് കിട്ടിയിട്ടുണ്ട്. തിങ്കളാഴ്ച പ്രതികള്‍ രണ്ടായിരം രൂപ ആവശ്യപ്പെട്ടെങ്കിലും നല്‍കാതെ വന്നതിനെത്തുടര്‍ന്നു ക്രൂരമര്‍ദനത്തിനിരയാക്കി. ഇതോടെയാണ് പീഡനം നേരിട്ട വിദ്യാര്‍ഥി വീട്ടില്‍ അറിയിച്ചതും പരാതിയിലേക്കെത്തിയതും.