ചങ്ങനാശേരിയിൽ നാളെ കര്‍ഷകരക്ഷാ ലോംഗ് മാര്‍ച്ച്
Friday, February 14, 2025 6:35 AM IST
കോട്ടയം: നീതിനിഷേധങ്ങള്‍ക്കും അവകാശലംഘനങ്ങള്‍ക്കുമെതിരേ ചങ്ങനാശേരി അതിരൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നാളെ കര്‍ഷകരക്ഷാ നസ്രാണി മുന്നേറ്റം ലോംഗ് മാര്‍ച്ച് സംഘടിപ്പിക്കും.
രാവിലെ ഒമ്പതിന് ആലപ്പുഴ മങ്കൊമ്പില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് ഉച്ചകഴിഞ്ഞ് 3.15ന് ചങ്ങനാശേരി പെരുന്നയില്‍ എത്തിച്ചേരും. തുടര്‍ന്നു 18 ഫൊറോനകളില്‍നിന്നുള്ള സമുദായാംഗങ്ങള്‍ എസ്ബി കോളജിലെ സമ്മേളനനഗരിയിലേക്ക് അവകാശ സംരക്ഷണ റാലി നടത്തും. തുടര്‍ന്നുനടക്കുന്ന അവകാശ പ്രഖ്യാപന സമ്മേളനം ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തും.
അടിസ്ഥാന സൗകര്യ വികസനത്തിനും അടിസ്ഥാനവിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ക്ഷേമത്തിനുമായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടുക, വിദ്യാഭ്യാസം, ആരോഗ്യരംഗം, ആതുരസേവനം എന്നിങ്ങനെ പൊതുസമൂഹത്തിനു ഗുണകരമായ മേഖലയില്‍ സജീവവും കാര്യക്ഷമവുമായി ഇടപെടുന്ന ക്രൈസ്തവ സമൂഹത്തിന് അര്‍ഹമായ ന്യൂനപക്ഷാവകാശങ്ങള്‍ നിഷേധിക്കുന്നത് അവസാനിപ്പിക്കുക, നെല്ല്, റബര്‍, നാണ്യവിളകള്‍, കോഴി, താറാവ് കൃഷി കൾ ആദായകരമായി നടത്താ നുള്ള ക്രമീകരണങ്ങള്‍ ചെയ്യുകയും അവയ്ക്ക് ന്യായമായ വില ഉറപ്പാക്കുകയും താങ്ങുവില നിശ്ചയിക്കുകയും ചെയ്യുക, ക്രൈസ്തവ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ന്യായമായ ന്യൂനപക്ഷാവകാശങ്ങള്‍ ധ്വംസിക്കപ്പെടുകയും അവ നടത്തിക്കൊണ്ടു പോകുവാനുള്ള ശ്രമങ്ങള്‍ക്കു വിലങ്ങുതടിയാകുന്ന നയരൂപീകരണങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക, ദളിത് ക്രൈസ്തവ സംവരണം നടപ്പിലാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കാര്യക്ഷമമായി ഇടപെടുക, ജസ്റ്റീസ് കോശി കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിട്ട് അതിന്മേലുള്ള ചര്‍ച്ചകളും തീരുമാനങ്ങളുമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ലോംഗ് മാര്‍ച്ചും അവകാശപ്രഖ്യാപന സമ്മേളനവും നടത്തുന്നത്.