അല്മായ പ്രേഷിതരുടെ പ്രവർത്തനം ശ്ലാഘനീയം: മാർ റാഫേൽ തട്ടിൽ
Friday, February 14, 2025 6:24 AM IST
കൊച്ചി: അല്മായർ വ്യക്തിപരമായും സംഘടിതമായും നടത്തിക്കൊണ്ടിരിക്കുന്ന പ്രേഷിതമുന്നേറ്റങ്ങളിൽ സഭ കൂടെയുണ്ടെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. സഭയുടെ സുവിശേഷവത്കരണത്തിനുവേണ്ടിയുള്ള കമ്മീഷന്റെ നേതൃത്വത്തിൽ വിവിധ പ്രേഷിതദൗത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും ആലോചനായോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സഭയുടെ വളർച്ചയ്ക്ക് അല്മായ മിഷണറിമാരുടെ പങ്ക് വളരെ വലുതാണ്. ആത്മപ്രേരണയിൽ വ്യക്തികൾ സ്വമേധയാ തുടങ്ങിവച്ചതും പിന്നീട് വളർന്നുവലുതായതുമായ പ്രേഷിത പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും മേജർ ആർച്ച്ബിഷപ് വ്യക്തമാക്കി.
വ്യക്തി-കുടുംബം-ഇടവക-രൂപത-സഭ എന്നീ തലങ്ങളിൽ മിഷൻ പ്രവർത്തനം ശക്തമാക്കുന്നതിനുള്ള കർമപരിപാടികൾ ചർച്ച ചെയ്തു. നിലനിൽക്കുന്ന മിഷൻപ്രവർത്തനങ്ങളുടെ തനിമ നഷ്ടപ്പെടുത്താതെതന്നെ സീറോമലബാർ സഭയുടെ അല്മായ പ്രേഷിതപ്രസ്ഥാനം സംഘടിപ്പിക്കാൻ വേണ്ട നിർദേശങ്ങളും അതിനാവശ്യമായ മാർഗരേഖയും ചർച്ച ചെയ്യപ്പെട്ടു.
സീറോമലബാർ അല്മായ മിഷണറി പ്രസ്ഥാനത്തിന്റെ ഉദ്ഘാടനം മേയ് അഞ്ചിന് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടത്തും.
സുവിശേഷവത്കരണത്തിനുവേണ്ടിയുള്ള കമ്മീഷൻ ചെയർമാൻ ബിഷപ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ അധ്യക്ഷത വഹിച്ചു. കമ്മീഷൻ അംഗങ്ങളായ ബിഷപ് മാർ ജോസഫ് കൊല്ലംപറമ്പിൽ, ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ, കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ, അല്മായ പ്രേഷിത ശുശ്രൂഷകരുടെ പ്രതിനിധികളായ സെബാസ്റ്റ്യൻ തോമസ്, പ്രഫ. ആലിസ്കുട്ടി, കമ്മീഷൻ സെക്രട്ടറി ഫാ. ഫ്രാൻസിസ് എലുവത്തിങ്കൽ, ഓഫീസ് സെക്രട്ടറി സിസ്റ്റർ മെർലിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.