വാലന്റൈൻ കള്ളൻ; ഓൺലൈനിൽ പണം നഷ്ടപ്പെടുത്തരുതേ!
സ്വന്തം ലേഖകൻ
Friday, February 14, 2025 6:24 AM IST
തൃശൂർ: പ്രണയിതാക്കൾക്കു ഹാപ്പി വാലന്റൈൻസ് ഡേ നേരുന്നതിനോടൊപ്പം വാലന്റൈൻ സൈബർ തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി പോലീസ്.
ഡേറ്റിംഗ് ആപ്പുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, മാട്രിമോണിയൽ വെബ്സൈറ്റുകൾ എന്നിവയിലൂടെയും ഫോണിലൂടെയും നിരവധി വാലന്റൈൻ സൈബർ തട്ടിപ്പുകാർ ഇറങ്ങിയിട്ടുണ്ടെന്നാണു മുന്നറിയിപ്പ്. തട്ടിപ്പുകാർ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് പ്രണയരസത്തിൽ പൊതിഞ്ഞ പണാഭ്യർഥനകളുമായി സമീപിക്കാനുള്ള സാഹചര്യങ്ങളാണു പോലീസ് വ്യക്തമാക്കുന്നത്.
റൊമാൻസ് നിറഞ്ഞ ചില ലിങ്കുകളാകാം തട്ടിപ്പുകാർ അയച്ചുതരിക. അനാവശ്യലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാനും തുടർന്നുള്ള നിർദേശങ്ങൾക്കുപിന്നാലെ പോകാതിരിക്കാനും ശ്രദ്ധിക്കുക. നിങ്ങളെ പരിചയമില്ലാത്ത ഒരു വ്യക്തിയുടെയും പ്രൊഫൈലുകളോ അവർ അയച്ചുതരുന്ന ലിങ്കുകളെയോ വിശ്വസിക്കരുത്. ഇത്തരം ലിങ്കുകളിലൂടെ നിങ്ങളുടെ സ്വകാര്യ, സാമ്പത്തികവിവരങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. നിങ്ങൾക്കു പരിചയമുള്ളവരാണെങ്കിൽ അവരെ ഫോൺചെയ്തു ചോദിച്ച് വസ്തുത സത്യമാണോയെന്ന് ഉറപ്പുവരുത്തുക.
ഒരുപക്ഷേ, നിങ്ങളുടെ സ്നേഹിതരെന്ന ഭാവേനയോ വിശ്വാസം നേടിയെടുത്തശേഷമോ പണം ആവശ്യപ്പെട്ടേക്കാം. അടിയന്തരസാഹചര്യങ്ങൾ കെട്ടിച്ചമച്ച് നിങ്ങളുടെ വിവേകത്തെ കൈപ്പിടിയിലാക്കി പ്രണയച്ചതിക്കുഴികളിൽ വീഴ്ത്തിയേക്കാം. ആശുപത്രി അത്യാഹിതസഹായമെന്നോ യാത്രയിൽ സാമ്പത്തികനഷ്ടം സംഭവിച്ചെന്നോ വിശ്വസിപ്പിച്ചു സമീപിക്കാം.
കാമുകനെയോ കാമുകിയെയോ സുഹൃത്തിനെയോ സഹായിച്ചെന്ന നിർവൃതിയിൽ ഇരിക്കുന്പോഴായിരിക്കാം നിങ്ങൾ പ്രണയച്ചതിയില്പെട്ട് പണം നഷ്ടപ്പെട്ട കാര്യം മനസിലാക്കുക. നേരിട്ടു കണ്ടിട്ടില്ലാത്ത ഒരാൾക്ക് ഒരിക്കലും പണം അയയ്ക്കരുത്. അപരിചിതരിൽനിന്നു ഫോണിലൂടെയോ വീഡിയോകോളിലൂടെയോ ഉള്ള പ്രണയവാക്കുകളിലോ പ്രവൃത്തികളിലോ ജാഗ്രത പാലിക്കുക. അറിയാവുന്നവരുടെ പണാഭ്യർഥന വീഡിയോകൾ ഉറപ്പുവരുത്തിയശേഷം പണം നല്കണമോയെന്നു തീരുമാനിക്കുക എന്നിങ്ങനെയാണു മുന്നറിയിപ്പുകൾ.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ പ്രണയദിനവുമായി ബന്ധപ്പെട്ട് ഈ ആഴ്ച മുഴുവനായും ബോധവത്കരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ‘റൊമാൻസ് സ്കാം പ്രിവന്റേഷൻ വീക്ക്’ എന്ന പേരിലാണു കാന്പയിൻ. പ്രണയത്തിന്റെ മുഖംമൂടിയണിഞ്ഞ് ഓൺലൈനിൽ കാത്തിരിക്കുന്ന തട്ടിപ്പുകളെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുകയാണു ചെയ്യുന്നത്.
സൈബർ തട്ടിപ്പിനിരയായി സാമ്പത്തികനഷ്ടം സംഭവിച്ചാൽ മാനഹാനി ഭയക്കാതെ ഉടൻതന്നെ 1930 എന്ന നമ്പറിൽ വിളിക്കുക അല്ലെങ്കിൽ cybercrime. gov.in എന്ന വെബ്സൈറ്റിൽ റിപ്പോർട്ട് ചെയ്യണം.