മലയോരപാത 250 കിലോമീറ്റർ പണി പൂർത്തിയായി; ഒരു വർഷത്തിനകം 200 കിലോമീറ്റർ കൂടി
Friday, February 14, 2025 6:24 AM IST
തിരുവനന്തപുരം: കാസർഗോഡ് ജില്ലയിലെ നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം ജില്ലയിലെ പാറശാലവരെ നീളുന്ന 793.68 കിലോമീറ്റർ ദൈർഘ്യംവരുന്ന മലയോര പാതയുടെ 250 കിലോമീറ്റർ പണി പൂർത്തിയായി. ഒരു വർഷത്തിനുള്ളിൽ 200 കിലോമീറ്ററിന്റെ കൂടി പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
മലയോര പാതയുടെ നിർമാണത്തിനായി 2017ലാണ് കിഫ്ബി ഭരണാനുമതി നൽകിയത്. റോഡ് വികസനത്തിന് ആവശ്യമായ സ്ഥലം പൊതുജനങ്ങളിൽ നിന്ന് സൗജന്യമായി ലഭ്യമാക്കി 55 റീച്ചുകളിലായി ബിഎം ആൻഡ് ബിസി നിലവാരത്തിലുള്ള ഡിസൈൻ റോഡായാണ് മലയോര പാത വിഭാവനം ചെയ്തിരിക്കുന്നത്. 738.20 കിലോമീറ്റർ റോഡിന് ഇതുവരെ കിഫ്ബിയുടെ സാന്പത്തിക അനുമതി ലഭിച്ചിട്ടുണ്ട്. 506.73 കിലോമീറ്ററിന് സാങ്കേതികാനുമതി നൽകി ടെൻഡർ ചെയ്തു. അതിൽ, നിർമാണം ആരംഭിച്ച 481.13 കിലോമീറ്റർ ദൂരത്തിൽ 250 കിലോമീറ്ററാണ് പൂർത്തിയാക്കിയത്. പൂർത്തിയായവയിൽ ആദ്യ റീച്ചായ കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി കക്കാടംപൊയിൽ റോഡ് ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മലയോര പാത പൂർണമായും പണിതീർക്കാൻ 3,600 കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 1,288 കോടി രൂപ ഇതിനോടകം ചെലവഴിച്ചുകഴിഞ്ഞു. 12 മീറ്റർ വീതിയിൽ രണ്ടുവരിയായി നിർമിക്കുന്ന മലയോര പാതയിൽ മെച്ചപ്പെട്ട റോഡ് പ്രതലവും മാർക്കിംഗുകളും അടിസ്ഥാന സുരക്ഷാസംവിധാനങ്ങളും ഉണ്ടാകും.
തിരുവനന്തപുരം ജില്ലയിൽ കള്ളിക്കാട് പാറശാല ഒന്നാം ഘട്ടം (15.5 കിലോമീറ്റർ), കൊല്ലായിൽ ചല്ലിമുക്ക് (21.08 കിലോമീറ്റർ), പെരിങ്ങമ്മല പാലോട് (3.5 കിലോമീറ്റർ) കൊല്ലം ജില്ലയിൽ കൊല്ലായിൽ (ചല്ലിമുക്ക്) പുനലൂർ കെഎസ്ആർടിസി (46.1 കിലോമീറ്റർ), പത്തനംതിട്ട ജില്ലയിൽ പത്തനാപുരം പ്ലാച്ചേരി (47.67 കിലോമീറ്റർ), ഇടുക്കി ജില്ലയിൽ കുട്ടിക്കാനം ചപ്പാത്ത് (19 കിലോമീറ്റർ), പീരുമേട് ദേവികുളം രണ്ടാം ഘട്ടം (2.9 കിലോമീറ്റർ), തൃശൂർ ജില്ലയിലെ പട്ടിക്കാട് വിളങ്ങന്നൂർ (5.3 കിലോമീറ്റർ), മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം കാളികാവ് ഒന്നാം ഘട്ടം (8.7 കിലോമീറ്റർ) കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി കക്കാടംപൊയിൽ (35.35 കിലോമീറ്റർ), കാസർഗോഡ് ജില്ലയിലെ നന്ദാരപ്പടവ് ചേവാർ (23 കിലോമീറ്റർ), കോളിച്ചാൽ ഇടപ്പറന്പ് (21 കിലോമീറ്റർ) എന്നീ റീച്ചുകളുടെ നിർമാണപ്രവർത്തനങ്ങളാണ് ഇതിനോടകം പൂർത്തിയായിട്ടുള്ളത്.