ഇത് റാഗിംഗ് അല്ല; നരബലിയാണ്
Friday, February 14, 2025 6:24 AM IST
കോട്ടയം: “രോഗിയെ കുത്തിവയ്ക്കാന്‍ പഠിക്കേണ്ടവര്‍ ജൂണിയര്‍ വിദ്യാര്‍ഥികളുടെ ശരീരത്തില്‍ കത്തി കുത്തിക്കയറ്റുന്ന കൊടുംക്രൂരത. ഇവരൊക്കെ നഴ്സിന്റെ കോട്ടുകൂടി കിട്ടിയാല്‍ രോഗികളുടെ ഗതികേടെന്താകും. കള്ളും കഞ്ചാവും മയക്കുമരുന്നും അടിക്കുന്ന ഇവർ ഒരിക്കലും നഴ്സാകാന്‍ പാടില്ല”- നഴ്സിംഗ് ഹോസ്റ്റലിലെ ക്രൂരതകള്‍ കേട്ടറിഞ്ഞ മെഡിക്കല്‍ കോളജിലെ രോഗികള്‍ പലരുടെയും പ്രതികരണം ഇത്തരത്തിലായിരുന്നു.
പ്രതികളായ അഞ്ച് വിദ്യാര്‍ഥികളെ കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ഹോസ്റ്റലില്‍നിന്നു പുറത്താക്കുകയും അന്വേഷിക്കാന്‍ മൂന്നംഗസമിതിയെ നിയോഗിക്കുകയും ചെയ്തതില്‍ തീരുന്നതല്ല കോളജ് അധികൃതരുടെ ഉത്തരവാദിത്വം.
മറ്റ് ജൂണിയര്‍ വിദ്യാര്‍ഥികളില്‍നിന്നു വിവരം ശേഖരിക്കുകയും തുടര്‍നടപടികള്‍ക്ക് ശ്രമിക്കുകയും ചെയ്യാത്തതില്‍ പരക്കെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഹോസ്റ്റലില്‍ സ്ഥിരമായി മദ്യം അടക്കമുളള സാധനങ്ങള്‍ എത്തിച്ചിട്ടും നടപടികളുണ്ടായില്ല. രാത്രി ഏതു സമയത്തും ഈ വിദ്യാര്‍ഥികള്‍ ഹോസ്റ്റലിനു പുറത്തു പോകുമായിരുന്നു.
ഹോസ്റ്റലിലെ വാര്ഡന്മാരെയും വിശദമായി ചോദ്യം ചെയ്തിട്ടില്ല. ഹോസ്റ്റലില്‍ മൂന്നു മാസമായി കൊടുംക്രൂരതകള്‍ തുടരുകയായിരുന്നു. റാഗിംഗിന് ഇരകളായ വിദ്യാര്‍ഥികളില്‍ മൂന്നു പേരാണു കോളജില്‍ പരാതി നല്‍കിയത്. ഇതില്‍ ഒരു വിദ്യാര്‍ഥിയുടെ മൊഴിയിലാണ് കേസെടുത്തത്.
അതിക്രൂരം, പൈശാചികം. കോട്ടയം നഴ്സിംഗ് ഹോസ്റ്റലില്‍ നടന്നത് റാഗിംഗ് ആയിരുന്നില്ല മറിച്ചു കൊല്ലാക്കൊലയായിരുന്നു. നിലവിളിക്കുമ്പോള്‍ മുറിവില്‍ മാത്രമല്ല വായിലും കണ്ണിലും ലോഷന്‍ ഒഴിക്കും. നഗ്നരാക്കിയശേഷം സ്വകാര്യ ഭാഗങ്ങളില്‍ ജിംനേഷ്യത്തില്‍ ഉപയോഗിക്കുന്ന ഡംബല്‍ കെട്ടിത്തൂക്കുക, സൂചി ഉപയോഗിച്ചു മുറിവേല്പ്പി ക്കുക, നഖത്തിനടയില്‍ ആണി കയറ്റുക, കഴുത്തില്‍ കത്തി വച്ചു ഭീഷണിപ്പെടുത്തുക തുടങ്ങിയ ക്രൂരകൃത്യങ്ങള്‍ പോലീസ് പിടിച്ചെടുത്ത മൊബൈല്‍ ദൃശ്യങ്ങളിലുണ്ട്. ഇതിനു പിന്നാലെയാണ് ഞാന്‍ വട്ടം വരയ്ക്കാം എന്നുപറഞ്ഞ് പ്രതികളിലൊരാള്‍ ഡിവൈഡര്‍ കൊണ്ട് ജൂണിയര്‍ വിദ്യാര്‍ഥിയുടെ വയറില്‍ കുത്തി പരിക്കേല്‍പ്പിക്കുന്നത്.
മൂന്നു മാസമായി കോട്ടയം ഗാന്ധിനഗറിലെ ഗവണ്മെന്റ് നഴ്സിംഗ് കോളജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ അതിക്രൂരമായി റാഗിംഗ് നടത്തിയ അഞ്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ ഒടുവില്‍ അഴിക്കുള്ളിലായി. സിപിഎം അനുകൂല സംഘടനയായ കേരള ഗവണ്മെന്റ് സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷന് (കെജിഎസ്എന്‍എ) സംസ്ഥാന സെക്രട്ടറി മലപ്പുറം വണ്ടൂര്‍ കരുമാറപ്പറ്റ കെ.പി. രാഹുല്‍ രാജ് (22), അസോസിയേഷന് അംഗങ്ങളായ മൂന്നിലവ് വാളകം കരയില്‍ കീരിപ്ലാക്കല്‍ സാമുവല്‍ ജോണ്സണ് (20), വയനാട് നടവയലില്‍ പുല്‍പ്പള്ളി ഞാവലത്ത് എന്‍.എസ്. ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടിയില്‍ സി. റിജില്‍ ജിത്ത് (20), കോരുത്തോട് മടുക്ക എന്‍.വി. വിവേക് (21) എന്നിവരെയാണു പോലീസ് അറസ്റ്റു ചെയ്തത്.
അറസ്റ്റിലായ രാഹുലും റിജിലും വിവേകും മൂന്നാം വര്‍ഷ വിദ്യാര്‍ഥികളും സാമുവലും ജീവയും രണ്ടാം വര്‍ഷക്കാരുമാണ്. ക്രൂരതകള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് മറ്റു ജൂനിയര്‍ വിദ്യാര്‍ഥികളെ കാണിക്കുകയും ഭയപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതികള്‍ ഹോസ്റ്റലില്‍ ഗുണ്ടാനേതാക്കളെപ്പോലെയാണു പെരുമാറിയിരുന്നത്.
പ്രധാനപ്രതി രാഹുല്‍ രാജിന്റെ സിപിഎം സ്വാധീനവും സംഘടനാബന്ധവും മറയാക്കിയായിരുന്നു ക്രൂരതകള്‍. മനഃസാക്ഷിയെ നടുക്കിയ സംഭവത്തില്‍ സംസ്ഥാന മന്ത്രിമാരോ ഇടതു രാഷ്ട്രീയ സംഘടനകളോ ജനപ്രതിനിധികളോ അപലപിക്കാന്‍ തയാറായതുമില്ല. കൊല്ലാക്കൊല സഹിക്കാനാവാതെ വിദ്യാര്‍ഥികള്‍ കോളജ് അധികൃതര്‍ക്ക് നല്കിയ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദമുണ്ടായി. പിന്നീട് കേസ് മയപ്പെടുത്താന്‍ പോലീസിലും ഇടപെടലുണ്ടായി.
14 ദിവസത്തെ റിമാര്ഡില് കഴിയുന്ന പ്രതികളെ വീണ്ടും പോലീസ് ചോദ്യം ചെയ്യാത്തതും ഉന്നത സ്വാധീനത്തിലാണെന്നു പറയുന്നു. പ്രതികളായ വിദ്യാര്‍ഥികളില്‍ ചിലര്‍ പാര്‍ട്ടി സ്വാധീനത്തിലാണ് നഴ്സിംഗിന് പ്രവേശനം നേടിയതും. അറസ്റ്റിലായ വിദ്യാര്‍ഥികള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്നറിയാല്‍ വൈദ്യപരിശോധനയും നടത്തിയില്ല.
ഹോസ്റ്റല്‍ മുറിയില്‍ കത്തി മുതല്‍ കമ്പിവരെ ആയുധങ്ങള്‍. കള്ളും കഞ്ചാവും അര്‍ധരാത്രി ഹോസ്റ്റലില്‍ എത്തിയിരുന്നതായി പോലീസ്. ജൂണിയര്‍ വിദ്യാര്‍ഥികളെ ക്രൂരപീഡനത്തിന് ഇരയാക്കിയവരുടെ മുറികള്‍ സീല്‍ ചെയ്തിരിക്കുകയാണ്. മാരകായുധങ്ങള്‍ മുറിയിലുണ്ടോ അതോ ഒളിപ്പിച്ചോ എന്നതില്‍ പോലീസിനു വ്യക്തതയില്ല.
സര്‍ക്കാര്‍ നഴ്സിംഗ് കോളജിലെ സീനിയര്‍ വിദ്യാര്‍ഥികളായ അഞ്ച് പേര് ക്രൂരമായി റാഗിംഗ് നടത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്. ജൂനിയര്‍ വിദ്യാര്‍ഥികളേറെയും അക്രമത്തിനും പണപ്പിരിവിനും ഇരയായിട്ടുണ്ടെന്ന സംശയത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികളില്‍നിന്നും അധ്യാപകരില്‍നിന്നും വിവരങ്ങള്‍ തേടാനാണു തീരുമാനം.
സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്താനായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇന്നലെ പോലീസ് കോളജിലും ഹോസ്റ്റലിലുമെത്തി വിദ്യാര്‍ഥികളില്‍നിന്ന് മൊഴിയെടുത്തു.
ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ
കോട്ടയം ഗവണ്മെന്റ് നഴ്സിംഗ് കോളജ് ഹോസ്റ്റലിൽ നടന്ന അതിക്രൂര റാഗിംഗിൽ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് 10 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. മനുഷ്യാവകാശ സംഘടനയായ സഹ്യാദ്രി റൈറ്റ്സ് ഫോറം നൽകിയ പരാതിയിലാണ് കമ്മീഷന്റെ നടപടി.
റാഗിംഗിന്റെ ക്രൂര ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് കമ്മീഷന്റെ ഇടപെടൽ. ക്രൂര റാഗിംഗിന്റെ വിശദാംശങ്ങളടക്കം വ്യക്തമാക്കിയാണ് മനുഷ്യാവകാശ കമ്മീഷൻ അംഗമായ പ്രിയങ്ക് കനൂൻഗോയുടെ കത്ത്. ഡിജിപിയിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിനുശേഷം മറ്റു നടപടികളിലേക്കു കടക്കുമെന്ന് മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു.