ചേർത്തലയിലെ യുവതിയുടെ മരണം: ഭർത്താവിനെതിരേ നരഹത്യക്ക് കേസ്
Friday, February 14, 2025 6:24 AM IST
ചേര്‍ത്തല: നഗരസഭ 29ാം വാര്‍ഡ് പണ്ടകശാലാപറമ്പില് സജി (46) യുടെ മരണത്തില്‍ മകളുടെ മൊഴി ശരിയെന്നു തെളിയിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണം അക്രമത്തെതുടര്‍ന്ന് തലയുടെ വലതു ഭാഗത്തേറ്റ പരിക്കാണെന്നാണ് റിപ്പോർട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലുണ്ടായിരുന്ന ഭർത്താവ് സോണിയുടെ അറസ്റ്റ് രേഖപെടുത്തി. നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മക്കളായ ബെന്നോബി പി. ഉലഹന്നാന്റെയും മീഷ്മ പി. ഉലഹന്നാന്റെയും സാന്നിധ്യത്തില്‍ സംസ്കരിച്ചു.
അമ്മയുടെ മരണം അച്ഛന്റെ ആക്രമത്തെ തുടര്‍ന്നാണെന്ന മകള്‍ മീഷ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ഞായറാഴ്ച മരിച്ച് അന്നേദിവസം തന്നെ സംസ്കരിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കല്ലറയില്‍നിന്നു പുറത്തെടുത്തിരുന്നു.
തലയ്ക്കു പരിക്കുകളോടെ ജനുവരി എട്ടിനാണ് സജിയെ ഭര്‍ത്താവും മകള്‍ മീഷ്മയും ചേര്‍ന്ന് സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചത്. സജി കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ചത്.