സിനിമാ നിർമാതാക്കളുടെ സംഘടനയിൽ ഭിന്നത
Friday, February 14, 2025 6:24 AM IST
കൊച്ചി: സിനിമാരംഗത്തെ പ്രതിസന്ധികളെച്ചൊല്ലി നിർമാതാക്കൾക്കിടയിലെ ഭിന്നത മറനീക്കി പുറത്ത്. മലയാളസിനിമയിൽ നൂറു കോടി ക്ലബ് വെറും പൊള്ളയാണെന്നും സിനിമ തകർച്ചയുടെ വക്കിലാണെന്നുമുള്ള നിർമാതാവ് ജി. സുരേഷ് കുമാറിന്റെ പരാമർശമാണ് വിവാദത്തിന്റെ തുടക്കം. സുരേഷ്കുമാറിനെതിരേ നിർമാതാവ് ആന്റണി പെരുന്പാവൂരും ഇരുവരെയും പിന്തുണച്ച് ഏതാനും നടന്മാരും സിനിമാപ്രവർത്തരും പക്ഷം ചേർന്നതോടെ തർക്കത്തിന് ചൂടുപിടിച്ചു.
താരങ്ങൾക്ക് മൂല്യം കൂട്ടാനുള്ള മാർഗം മാത്രമാണ് നൂറു കോടി ക്ലബ് എന്നും സുരേഷ് കുമാർ ഒരു സ്വകാര്യ ചാനലിൽ വിമർശിച്ചിരുന്നു.
സുരേഷ് കുമാറിന്റെ വാക്കുകളെ തള്ളി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയത്.
തിയറ്ററുകള്‍ അടച്ചിടുകയും സിനിമകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്യുമെന്നത് ഏതാനും വ്യക്തികളെടുക്കേണ്ട തീരുമാനമല്ലെന്ന് അദ്ദേഹം പറഞ്ഞു. സംഘടനയില്‍ കൂട്ടായി ആലോചിച്ചു തീരുമാനിക്കേണ്ടതും പ്രഖ്യാപിക്കേണ്ടതുമായ കാര്യങ്ങളാണെന്നും ആന്റണി പറഞ്ഞു.