ഉഷാറായി ഉമ; നന്ദിവാക്കുകളുമായി ആശുപത്രി വിട്ടു
സ്വന്തം ലേഖകന്‍
Friday, February 14, 2025 6:12 AM IST
കൊച്ചി: “ദൈവവും പി.ടിയും അന്ന് എന്നെ ചേര്‍ത്തുപിടിച്ചു. അതാണ് എന്നെ ജീവിതത്തിലേക്കു തിരിച്ചെത്തിച്ചത്. വലിയൊരു അപകടത്തില്നിന്നാണു കരകയറിവന്നതെന്നു പറയുമ്പോള്‍ വലിയ സന്തോഷം’’- കലൂര്‍ സ്റ്റേഡിയത്തില്‍ അപകടത്തിനുശേഷം 46 ദിവസത്തെ ചികിത്സ പൂര്‍ത്തിയാക്കി ആശുപത്രിയില്‍നിന്നു മടങ്ങും മുമ്പ് അതിജീവനത്തെക്കുറിച്ച് ഉമ തോമസ് എംഎല്‍എയുടെ ആത്മവിശ്വാസത്തോടെയുള്ള വാക്കുകള്‍.
“അപകടത്തിനുശേഷം നടന്നതൊന്നും എനിക്ക് ഓര്‍മയുണ്ടായിരുന്നില്ല. അന്ന് ആളുകള്‍ ആശുപത്രിയില്‍ എത്തിച്ചതാണെന്നും മനസിലായിരുന്നില്ല. കാക്കി ഇട്ടവരെ കണ്ടപ്പോള്‍ പോലീസ് സ്റ്റേഷനാണെന്നാണ് ആദ്യം കരുതിയത്. ഡോക്ടര്‍മാരും നഴ്സുമാരും കരുതലോടെ നോക്കി. അതിജീവനത്തിന്റെ എല്ലാ ക്രെഡിറ്റും ആശുപത്രി അധികൃതര്‍ക്കും ഡോക്ടര്‍മാര്‍ക്കും മറ്റ് ആശുപത്രി ജീവനക്കാര്‍ക്കുമാണ്. ഡോക്ടര്‍മാരും എന്റെ പാര്‍ട്ടിയും ഒരുപാടു പേരും എന്നെ ചേര്‍ത്തുപിടിച്ചു.’’
ആശുപത്രിവാസത്തിനിടയിലെ അനുഭവങ്ങള്‍ നിറചിരിയോടെ നര്‍മം ചേര്‍ത്താണ് ഉമ തോമസ് പങ്കുവച്ചത്. തനിക്കു തടിയുള്ളത് നന്നായെന്ന ഡോക്ടര്‍മാരുടെ നര്‍മസംഭാഷണം ഉമ തോമസ് തമാശരൂപേണ സൂചിപ്പിച്ചു. നാലുപേര്‍ ചേര്‍ന്നാണു തന്നെ ഐസിയുവില്‍ തിരിച്ചുകിടത്തിയിരുന്നതെന്നും ഉമ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ആശുപത്രിയില്‍ മികച്ച പരിചരണവും സ്നേഹവുമാണു ലഭിച്ചത്. പലരും ആശുപത്രി മാറാമെന്നു പറഞ്ഞെങ്കിലും ജീവനുണ്ടെങ്കില്‍ എന്നെ തിരിച്ചുകൊണ്ടുവരാന്‍ ആശുപത്രി അധികൃതര്ക്കാകുമെന്ന് ഉറപ്പായിരുന്നു. മക്കളായ വിഷ്ണുവിനെയും വിവേകിനെയും എല്ലാവരും കരുതലോടെ ചേര്‍ത്തുപിടിച്ചു. പി.ടിയുടെ സഹോദരനും എന്റെ കുടുംബാംഗങ്ങളും എപ്പോഴും കൂടെ നിന്നു’’- ഉമ തോമസ് പറഞ്ഞു.
ഇന്നലെ വൈകുന്നേരത്തോടെ ആശുപത്രി വിടും മുമ്പ് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിനും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും ആശുപത്രി അധികൃതര്‍ക്കുമൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്ത ഉമ തോമസ് എല്ലാവരോടും നന്ദി അറിയിച്ചു.
ഡിസംബര്‍ 29നാണ് കലൂര്‍ സ്റ്റേഡിയത്തില്‍ നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 11,600 നര്‍ത്തകര്‍ ചേര്‍ന്നവതരിപ്പിച്ച ‘മൃദംഗനാദം’ ഗിന്നസ് നൃത്ത പരിപാടിക്കിടെ സ്റ്റേജില്‍നിന്നു വീണ് എംഎല്യ്എക്ക് ഗുരുതരപരിക്കേറ്റത്. തലച്ചോറിനും നട്ടെല്ലിനും ശ്വാസകോശത്തിനും പരിക്കേറ്റിരുന്നു.
പാലാരിവട്ടം റിനൈ മെഡിസിറ്റിയില്‍ ന്യൂറോ സര്ജന് ഡോ. മിഷേല്‍ ജോണിയുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. ജനുവരി ഒമ്പതുവരെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
അദ്ഭുതകരമായ തിരിച്ചുവരവായിരുന്നു ഉമ തോമസ് എംഎല്‍എയുടേതെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ കൃഷ്ണദാസ് പോളക്കുളത്ത്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി എന്നിവര്‍ പറഞ്ഞു. നിലവില്‍ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. വീട്ടില്‍ രണ്ടാഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പാലാരിവട്ടത്തെ വീട്ടിൽ സന്ദർശകരെ നിയന്ത്രിച്ചിട്ടുണ്ട്.