വന്യമൃഗ ആക്രമണം: ഡ്രോണ്‍ നിരീക്ഷണം ഏർപ്പെടുത്തും
സ്വന്തം ലേഖകൻ
Friday, February 14, 2025 6:12 AM IST
തിരുവനന്തപുരം: വന്യമൃഗ ആക്രമണം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനാതിർത്തി പ്രദേശങ്ങളിൽ ഡ്രോണ്‍ നിരീക്ഷണം ഏർപ്പെടുത്താൻ വനംവകുപ്പ് നടപടി. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗതല യോഗത്തിലാണ് തീരുമാനം.
ഡ്രോണ്‍ ഓപ്പറേറ്റിംഗ് ഏജൻസികളുമായി കരാറിൽ ഏർപ്പെടാനുള്ള നടപടി തുടങ്ങും. വന്യജീവി ആക്രമണം കൂടുതലുള്ള ഹോട്ട്സ്പോട്ടുകളിലായിരിക്കും പ്രധാനമായി ഡ്രോണ്‍ നിരീക്ഷണം. വന്യ മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ ശല്യപ്പെടുത്താതെയായിരിക്കും നിരീക്ഷണമെന്ന് പ്രമോദ് ജി. കൃഷ്ണൻ പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ ഡിവിഷനുകളിലെയും ആനത്താരകൾ, വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാരപാതകൾ എന്നിവ തുടർച്ചയായി നിരീക്ഷിക്കാൻ കൂടുതൽ കാമറകൾ വാങ്ങാനുള്ള നടപടി തുടങ്ങും.
തദ്ദേശ ഗോത്രവിഭാഗങ്ങളുടെ കാട് അറിവിനെ ഉപയോഗപ്പെടുത്താൻ വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ആദിവാസി വിഭാഗങ്ങളുമായി ചർച്ച സംഘടിപ്പിക്കും. ആദിവാസികളുടെ അറിവിനെ ഉപയോഗപ്പെടുത്തുകയും വനംവകുപ്പിന്റെ നിർദ്ദേശങ്ങൾ ഫലപ്രദമായി ആദിവാസികളിൽ എത്തിക്കുകയുമാണ് ലക്ഷ്യം. കേരളത്തിലെ 36 ഗോത്രസമൂഹങ്ങളെ ഇതിന്റെ ഭാഗമാക്കും. ആദ്യയോഗം മാർച്ച് ഒന്നിന് വയനാട് കുറുവ ദ്വീപിൽ സംഘടിപ്പിക്കും. ബയോഡൈവേഴ്സിറ്റി ബോർഡ്, പട്ടികവർഗ വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനവും ഉദ്യമത്തിൽ ഉപയോഗപ്പെടുത്തും.
കുരങ്ങുകൾക്കെതിരേ നടപടി സ്വീകരിക്കണം
തിരുവനന്തപുരം: അക്രമകാരികളായ കുരങ്ങുകൾക്കെതിരേ നടപടി സ്വീകരിക്കുന്നതിനും വംശവർധന തടയുന്നതിനുള്ള നടപടികൾക്കുമായി അവയെ ഷെഡ്യൂൾ ഒന്നിൽനിന്നും ഷെഡ്യൂൾ രണ്ടിലേക്കു മാറ്റണമെന്ന ശിപാർശ കേന്ദ്രത്തിനു കേരളം നൽകിയിട്ടുണ്ടെന്ന് ചീഫ് വൈൽഡ് വാർഡൻ അറിയിച്ചു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നാട്ടുകുരങ്ങുകളുടെയും കാട്ടുകുരങ്ങളുടെയും എണ്ണം തിട്ടപ്പെടുത്തുന്നതിനുള്ള നടപടി ആരംഭിക്കും.
കാട്ടുപന്നിയുടെ ശല്യം നിയന്ത്രിക്കുന്നതിന് പഞ്ചായത്തുകൾക്ക് എംപാനൽ ചെയ്ത ഷൂട്ടേഴ്സിന്റെ സേവനം നൽകും. വന്യമൃഗങ്ങൾക്ക് കാട്ടിൽതന്നെ ഭക്ഷണവും വെള്ളവും ഉറപ്പാക്കുന്ന മിഷൻ ഫുഡ്, ഫോഡർ ആൻഡ് വാട്ടർ പദ്ധതി ത്വരിതപ്പെടുത്തുമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു.