താമരശേരി ബിഷപ്പിനു മറുപടിയുമായി വനം മന്ത്രി
Friday, February 14, 2025 6:12 AM IST
തിരുവനന്തപുരം: തന്റെ രാജി ആവശ്യപ്പെട്ട താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിനു മറുപടിയുമായി വനം മന്ത്രി എ.കെ. ശശീന്ദ്രന്. ആരെക്കുറിച്ചായാലും തെറ്റ് തിരുത്താന്‍ നല്ലവാക്ക് പറയുന്നതാണ് നല്ലതെന്ന് മന്ത്രി പ്രതികരിച്ചു.
ബിഷപ്പിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ബിഷപ്പുമാരോട് വളരെ ബഹുമാനമാണെന്നും അവര്‍ ഏറ്റവും സൗമ്യമായ ഭാഷയില്‍ സംസാരിക്കുന്നവരും ആശ്വസിപ്പിക്കുന്നവരുമാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ചില ഘട്ടങ്ങളില്‍ അങ്ങനെതന്നെയാണോ എന്നു തോന്നിപ്പോകാറുണ്ട്. അങ്ങനെ തോന്നിക്കുന്നതില്‍ അവര്‍ക്കാണ് ദോഷം. നല്ല വാക്കു പറയുന്നതല്ലേ നല്ലത്.
ആരെക്കുറിച്ചായാലും നല്ലവാക്കു പറയുന്നതാണ് തെറ്റു തിരുത്താനും നല്ലത്. ഒരു മന്ത്രിയെ വിലയിരുത്താന്‍ എല്ലാ പൗരന്മാര്ക്കും അവകാശമുണ്ട്. സാധാരണ പൗരന്മാരുടെ കൂട്ടത്തില്‍ താന്‍ ബിഷപ്പുമാരെ പെടുത്തുന്നില്ലെന്നും മന്ത്രി പറഞ്ഞു. അവര്‍ അതിലും ഉപരിയായ സമീപനം സ്വീകരിക്കുന്നവരാണെന്നാണ് താന്‍ പഠിച്ചുവച്ചിരിക്കുന്നതെന്നും അത് തെറ്റിപ്പോകരുതേ എന്നാണ് തന്റെ പ്രാര്‍ഥനയെന്നും മന്ത്രി പറഞ്ഞു.
വയനാട് അട്ടമലയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ പ്രതികരണം. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വനം മന്ത്രി രാജിവയ്ക്കണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.