പോക്സോ ഇരകൾക്ക് വേണ്ടതു സഹതാപമല്ല, സംരക്ഷണമെന്ന് ഹൈക്കോടതി
Friday, February 14, 2025 6:12 AM IST
കൊച്ചി: ലൈംഗികപീഡനത്തിനിരയാകുന്ന കുട്ടികള്‍ക്ക് സഹതാപമല്ല സംരക്ഷണമാണു വേണ്ടതെന്ന് ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത ഇരകളെ സമൂഹം ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തണം. ഇരകളുടെ താത്പര്യങ്ങളും സംരക്ഷിക്കപ്പെടണം. മറ്റുള്ളവരെപ്പോലെ അഭിമാനത്തോടെ സമൂഹത്തില്‍ ജീവിക്കാന്‍ അവർ പ്രാപ്തരാണെന്ന് ഉറപ്പുവരുത്തണമെന്നും ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് പറഞ്ഞു.
മുത്തശിയുടെ രണ്ടാം ഭര്‍ത്താവിന്റെ ലൈംഗിക അതിക്രമത്തിനിരയായ 17 വയസുകാരിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവിലാണ് ഈ നിര്‍ദേശം. എട്ടാം വയസില്‍ കുട്ടിയുടെ അമ്മ മരിച്ചു. അച്ഛന് നേരത്തെ ഉപേക്ഷിച്ചു പോയിരുന്നു. മുത്തശിയോടൊപ്പം താമസിച്ചിരുന്ന കുട്ടിയെ ആറാംക്ലാസ് മുതല്‍ ഇയാള്‍ പീഡിപ്പിക്കുന്നതായി പരാതിയില്‍ പറയുന്നു. സഹിക്കാതായപ്പോള്‍ കഴിഞ്ഞ നവംബറിലാണ് പോലീസിനോട് വിവരം വെളിപ്പെടുത്തിയത്.
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് പോലീസ് അറസ്റ്റ് ചെയ്ത പ്രതി ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കണ്ണീരോടെ മാത്രമേ കുട്ടിയുടെ മൊഴി ആര്‍ക്കും വായിക്കാനാകൂവെന്ന് കോടതി അഭിപ്രായപ്പെട്ടു. കൊച്ചുമകള്‍ തെറ്റിദ്ധാരണമൂലം പരാതി നല്‍കിയെന്നാണ് മുത്തശിയുടെ സത്യവാങ്മൂലം. കൗണ്‍സലിംഗിനു വിധേയയാക്കിയ കുട്ടി ജീവിതത്തിലെ ദൗര്‍ഭാഗ്യങ്ങളെ അതിജീവിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന റിപ്പോര്‍ട്ടും വിക്ടിം റൈറ്റ്സ് സെന്റര്‍ നല്കി.
കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശിച്ച കോടതി തിരുവനന്തപുരം ശിശുക്ഷേമ സമിതിയോട് ഇതിനായി നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. സ്കൂള്‍ അധികൃതരും പ്രത്യേക ശ്രദ്ധ നല്‍കണം. ഇരകള്‍ക്കുള്ള നഷ്ടപരിഹാരം കുട്ടിക്ക് ലഭ്യമാക്കാന്‍ രണ്ടാഴ്ചയ്ക്കകം സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നും കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് പ്രതിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.