സെക്രട്ടേറിയറ്റിനു മുന്നിലെ കൂറ്റന്‍ ബോര്‍ഡ്: സര്‍ക്കാര്‍ സത്യവാങ്മൂലം കോടതി തള്ളി
Friday, February 14, 2025 6:12 AM IST
കൊച്ചി: സെക്രട്ടേറിയറ്റിനു മുമ്പില്‍ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് കൂറ്റൻ ബോര്‍ഡ് സ്ഥാപിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്ക്കെതിരേ സ്വീകരിച്ച നടപടി പരാമര്‍ശിക്കാതെ അഡീഷണല്‍ ചീഫ് സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലം ഹൈക്കോടതി തള്ളി.
സര്‍ക്കാര്‍ ഉത്തരവുകള്‍ സര്‍ക്കാര്‍ ജീവനക്കാര്‍തന്നെ പാലിക്കാത്ത ദയനീയ സാഹചര്യമാണു സംസ്ഥാനത്തുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് സത്യവാങ്മൂലം ജസ്റ്റീസ് ദേവന് രാമചന്ദ്രന് തള്ളിയത്. ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും ഉത്തരവുകളുണ്ടായിട്ടും ബോര്‍ഡ് വച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്ക്കെതിരേ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അച്ചടക്ക നടപടിയെക്കുറിച്ച് പരാമര്‍ശിക്കാത്ത സത്യവാങ്മൂലമാണ് സമര്‍പ്പിച്ചത്.
സര്‍ക്കാര്‍ ഉത്തരവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍തന്നെ ലംഘിച്ചിട്ടും അച്ചടക്കനടപടി സ്വീകരിക്കാതിരുന്നാല്‍ സ്ഥിതിയെന്താകുമെന്ന് കോടതി ചോദിച്ചു. കോടതിയുടെ ചോദ്യം മനസിലായില്ലെങ്കില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരിക്കാം. ഇതെല്ലാം ചെയ്തുകൂട്ടുന്നത് രണ്ട് ഉദ്യോഗസ്ഥരെ സഹായിക്കാനാണോ?
ഒരു താക്കീതെങ്കിലും നല്‍കണമായിരുന്നു.
അസോസിയേഷന് പ്രസിഡന്റും പൊതുഭരണ വിഭാഗം അഡീഷണല്‍ സെക്രട്ടറിയുമായ പി. ഹണി, സെക്രട്ടറിയും ഓഫീസ് അസിസ്റ്റന്റുമായ അജിത്കുമാര്‍ എന്നിവരാണ് കൂറ്റന്‍ ബോര്‍ഡ് വച്ചതിന്റെ ഉത്തരവാദികളെന്ന് നേരത്തേ സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ബോര്‍ഡ് വച്ചതില്‍ എഫ്ഐആറിന്് നിർദേശം
സിപിഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് നഗരത്തില്‍ സ്ഥാപിച്ച ബോര്‍ഡുകളും കൊടികളും നീക്കാനെത്തിയ നഗരസഭാ ജീവനക്കാരെ പാര്ട്ടിക്കാര് തടഞ്ഞതു സംബന്ധിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്കാന് കോടതി ഡിജിപിക്ക് നിര്‍ദേശം നല്കി.
കൊച്ചി തമ്മനത്ത് മര്‍ച്ചന്റ്സ് യൂണിയന് ബോര്‍ഡ് വച്ചതില്‍ എഫ്ഐആര്‍ ഇടാന്‍ പോലീസിനോടും നിര്‍ദേശിച്ചു. അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന കുന്നംകുളം നഗരസഭാ സെക്രട്ടറിയുടെ നിര്‍ദേശം ഉത്തരവിലൂടെ തടഞ്ഞ ചെയര്‍പേഴ്സണ്‍ കോടതിയലക്ഷ്യ നോട്ടീസ് അയച്ച കോടതി അടുത്തയാഴ്ച നേരിട്ടു ഹാജരാകാനും നിര്‍ദേശം നല്കി.