എൻസിപിയിലെ പ്രതിസന്ധി: പ്രസിഡന്റാകാൻ തയാറെന്ന് തോമസ് കെ. തോമസ്
Friday, February 14, 2025 6:12 AM IST
തിരുവനന്തപുരം: പി.സി. ചാക്കോ രാജിവച്ച സാഹചര്യത്തിൽ പുതിയ സംസ്ഥാന പ്രസിഡന്റ് ആരാകുമെന്ന കാര്യത്തിൽ എൻസിപിയിൽ ചർച്ച തുടങ്ങി. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ തയാറാണെന്ന് തോമസ് കെ. തോമസ് എംഎൽഎ മന്ത്രി എ.കെ. ശശീന്ദ്രനോടും അടുപ്പമുള്ള നേതാക്കളോടും പറഞ്ഞു.
എന്നാൽ എൻസിപി ദേശീയ നേതൃത്വത്തിന്റെ കൂടി അനുമതി ലഭിച്ചാൽ മാത്രമേ തോമസ് കെ. തോമസിനു പ്രസിഡന്റാകാൻ സാധിക്കുകയുള്ളൂ. സംസ്ഥാന പാർട്ടിയിൽ ഉണ്ടായിട്ടുള്ള പ്രതിസന്ധിയും അതിനെത്തുടർന്നു പി.സി. ചാക്കോ രാജിവച്ചതും പാർട്ടി ദേശീയ നേതൃത്വത്തെ അലോസരപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാർ എന്തു തീരുമാനമെടുക്കുമെന്ന ആകാംക്ഷയിലാണു കേരളത്തിലെ നേതാ ക്കൾ.