ഇംഗ്ലീഷ് കാഞ്ചനമാല
ഡൊമിനിക് തോമസ്
Friday, February 14, 2025 6:03 AM IST
പ്രണയദിനമെന്നു ചിന്തിക്കുന്പോൾത്തന്നെ മലയാളികളുടെ മനസിൽ തെളിയുന്ന അനുരാഗകഥ ഒരുപക്ഷേ, കാഞ്ചനമാലയുടേതാകും. അനശ്വരപ്രണയ കഥകളെ വെല്ലുന്നതാണ് കോഴിക്കോട് മുക്കത്തെ മൊയ്തീൻ-കാഞ്ചനമാല പ്രണയഗാഥയെന്നു ചിലരെങ്കിലും പറഞ്ഞേക്കാം. എന്നാൽ, ഇനി പറയുന്ന പ്രണയകഥ വായിച്ചുകഴിയുന്പോൾ നിങ്ങൾ സംശയിക്കും, ഇംഗ്ലണ്ടിലെ ഈ ബ്രിട്ടീഷ് വനിതയുടെ പ്രണയത്തിനു മുന്നിൽ കാഞ്ചനമാലയും അതിശയിക്കുമോ?
ഇംഗ്ലണ്ടിൽ നടന്നതെങ്കിലും ഇന്ത്യൻ സ്പർശമുള്ളതാണ് ഈ പ്രണയകഥ.
നാഗാലാൻഡിന്റെ തലസ്ഥാനമായ കൊഹിമ നിവാസിയായ അത്തോ മെഴുർ സേഖോസെയാണ് ഈ അനശ്വര പ്രണയ ഗാഥ ലേഖകനോടു വിവരിച്ചത്. രണ്ടാം ലോകയുദ്ധകാലത്ത് വീരമൃത്യു വരിച്ച ഭടന്മാർക്ക് അന്ത്യ വിശ്രമം ഒരുക്കാൻ നാഗാലാൻഡിലെ കൊഹിമയിലും മണിപ്പുരിലെ ഇംഫാലിലും യുദ്ധകാല സെമിത്തേരികൾ ഒരുക്കിയിട്ടുണ്ട്. ബ്രിട്ടൻ ആസ്ഥാനമായുള്ള കോമൺവെൽത്ത് വാർ ഗ്രേവ്സ് കമ്മീഷനാണ് ആഗോള തലത്തിൽ യുദ്ധകാല സെമിത്തേരിയുടെ പരിപാലനച്ചുമതല. അത്തോ സേഖോസെയുടെ പിതാവിന്റെ കാലം മുതൽ മണിപ്പുരിലെയും നാഗാലാൻഡിലെയും രണ്ടാം ലോകയുദ്ധ സെമിത്തേരികളുടെ പരിപാലന ഉത്തരവാദിത്വം കോമൺവെൽത്ത് വാർ ഗ്രേവ്സ് കമ്മീഷൻ ഇവരുടെ കുടുംബത്തെയാണ് ഏൽപ്പിച്ചിരിക്കുന്നത്.
അന്നൊരു യുദ്ധകാലത്ത്
രണ്ടാം ലോകയുദ്ധകാലത്ത് അതായത് 1944ൽ ജപ്പാൻ സൈന്യം ബർമ ( ഇന്നത്തെ മ്യാന്മർ ) കടന്ന് ഇന്ത്യയിലേക്കു പ്രവേശിച്ചിരുന്നു. നാഗാലാൻഡിലെ കൊഹിമവരെ എത്തിയ അവരെ ബ്രിട്ടീഷ് സൈന്യം തടഞ്ഞു. കൊഹിമ രൂക്ഷമായ പോരാട്ടത്തിനു വേദിയായി. ജപ്പാൻ സൈന്യത്തിനു പിന്മാറേണ്ടി വന്നു. പക്ഷേ, ബ്രിട്ടീഷ് സൈന്യത്തിനു വലിയ വില കൊടുക്കേണ്ടി വന്നു. 2000ൽപരം ജവാന്മാരുടെ ജീവൻ പൊലിഞ്ഞു. ആ സൈനികർക്കു വേണ്ടി കൊഹിമയിലും ഇംഫാലിലും സെമിത്തേരികൾ ഒരുങ്ങി. കൊഹിമയിലെ രണ്ടാം ലോകയുദ്ധ സെമിത്തേരിയിൽ 1420ൽപരം സൈനികരുടെ ശവകുടീരങ്ങളുണ്ട്. ഇവരുടെ പേര്, പദവി, പ്രായം, രാജ്യം എന്നിവ ഓരോ കുടീരത്തിന്റെ മുകളിലും പിച്ചളയിൽ ആലേഖനം ചെയ്തിട്ടുണ്ട്.
കൊഹിമ പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽ 24കാരനായ റോബർട്ട് ഹെനേയി എന്ന യുവ പട്ടാളക്കാരനും ഉണ്ടായിരുന്നു. ബ്രിട്ടീഷ് സൈനികനായ റോബർട്ട് യുദ്ധത്തിന് ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുൻപ് എലൈൻ ഹെനേയിയെ വിവാഹം കഴിച്ചിരുന്നു. മധുവിധു തീരും മുൻപേ കൃത്യമായി പറഞ്ഞാൽ വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുമ്പേ പ്രേമഭാജനത്തെ തനിച്ചാക്കി യുദ്ധഭൂമിയിലേക്കു യാത്രയായി. റോബർട്ട് ഇന്ത്യയിലേക്കു തിരിച്ചപ്പോൾ എലൈൻ യുദ്ധത്തിൽ പരിക്കേറ്റ സൈനികരെ ശുശ്രുഷിക്കുന്ന നഴ്സിംഗ് ജോലിയിൽ വ്യാപൃതയായി. ഒരു സുപ്രഭാതത്തിൽ എലൈനെത്തേടി ആ ഞെട്ടിക്കുന്ന സന്ദേശം എത്തി. റോബർട്ട് യുദ്ധഭൂമിയിൽ വീരമൃത്യു വരിച്ചു. പക്ഷേ, അവളുടെ ഉള്ളിൽ അവൻ ജീവനോടെ ഉണ്ടായിരുന്നു.
1945ൽ ലോകയുദ്ധം അവസാനിച്ചു. യുദ്ധം അവസാനിച്ച ഉടൻ എലൈൻ ഹെനേയി പ്രിയനെ തേടി കൊഹിമയിൽ എത്തി. അക്കാലത്തു വിദേശികൾക്കു കൊഹിമ സന്ദർശനം അനുവദനീയമായിരുന്നില്ല. പക്ഷേ, അതൊന്നും അവളുടെ പ്രണയത്തിനു മുന്നിൽ തടസമായില്ല. ആ ശവകുടീരത്തിനു മുന്നിൽ കണ്ണീർപൂവായി അവൾനിന്നു.
കോമൺവെൽത്ത് വാർ ഗ്രേവ്സ് കമ്മീഷൻ രൂപീകരിക്കപ്പെട്ട ശേഷം എല്ലാ വർഷവും ബ്രിട്ടനിൽനിന്ന്, വീരമൃത്യു വരിച്ച സൈനികരുടെ ഉറ്റവരെയും കുടുംബത്തെയും വിരമിച്ച സൈനികരെയും ചെറു സംഘങ്ങളാക്കി സെമിത്തേരി സന്ദർശനത്തിന് ഇന്ത്യയിൽ എത്തിച്ചിരുന്നു. ഇന്നും ആ പതിവ് തുടരുന്നു.
ഓർമകളിൽ പ്രണയം
ഒരു മാസം മാത്രം ആയുസുണ്ടായിരുന്ന എലൈൻ ഹെനേയി -റോബർട്ട് ദാമ്പത്യത്തിൽ കുട്ടികൾ ഇല്ലായിരുന്നു. എന്നാൽ, കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും കടുത്ത സമ്മർദമുണ്ടായിട്ടും മറ്റൊരു വിവാഹത്തിന് അവൾ തയാറായില്ല. റോബർട്ടിനോടൊപ്പമുള്ള ഹ്രസ്വകാല മധുര സ്മരണകളുമായി ജീവിതം ചെലവഴിക്കാൻ തീരുമാനിച്ചു.
പത്തു പ്രാവശ്യം അവൾ കൊഹിമയിലെ ശവകുടീരം തേടിയെത്തി. ഓരോ തവണ എത്തുന്പോഴും മുഴുവൻ സമയവും പ്രിയന്റെ കല്ലറയിൽ ചെലവഴിച്ചു. കല്ലറയിൽ സ്ഥാപിച്ചിരിക്കുന്ന പിച്ചളഫലകവും അവിടെയുള്ള റോസപ്പൂക്കളെയും തഴുകിയും താലോലിച്ചും ചുബിച്ചും വിശേഷങ്ങൾ പങ്കുവച്ചും കണ്ണീർ പൊഴിച്ചും സമയം നീക്കി. ആ തീവ്രപ്രണയം കണ്ടുനിന്നവരുടെ പലരുടെയും കണ്ണുനനച്ചിരുന്നതായി അത്തോ ഓർമിക്കുന്നു. ഏഴാം സന്ദർശനവേളയിൽ എലൈൻ അത്തോയോടു പറഞ്ഞു.
വാർധക്യം എന്നെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഇനി റോബർട്ടിനെ കാണാൻ വരാനാകുമെന്നറിയില്ല. അതുകൊണ്ട് ഒരു വാക്കുതരണം, എന്റെ മരണശേഷം, മൃതശരീരം അടക്കുന്നതിനു പകരം ദഹിപ്പിക്കും. എന്റെ ഭൗതികാവശിഷ്ടം റോബർട്ടിന്റെ ശവകുടീരത്തിൽ അടക്കം ചെയ്യണം. അങ്ങനെ ഞാനും റോബർട്ടും വീണ്ടും ഒന്നായിത്തീരും.
ഒരു നിമിഷം അന്പരന്നെങ്കിലും അത്തോ സേഖോസെ എലൈനു വാക്കു നൽകി. 2007ൽ അതായത് റോബർട്ട് ഇഹലോക വാസം വെടിഞ്ഞ് 63 വർഷങ്ങൾക്കു ശേഷം എലൈനും റോബർട്ടിന്റെ അടുത്തേക്കു യാത്രയായി. ആഗ്രഹിച്ചതുപോലെ 2008ൽ എലൈന്റെ ബന്ധുക്കൾ ചാരമായ ഭൗതികാവശിഷ്ടം അത്തോ സേഖോസെക്കു കൈമാറി.
അങ്ങനെ കൊഹിമ യുദ്ധകാല സെമിത്തേരിയിലെ ഒരു കല്ലറ ആദ്യമായി പ്രണയസാഫല്യത്തിനായി തുറക്കപ്പെട്ടു. റോബർട്ടിനും എലൈനും ഒന്നിച്ച് കൊഹിമയുടെ മണ്ണിൽ നിത്യവിശ്രമം...ഇംഗ്ലണ്ടിലെ കാഞ്ചനമാല എന്നല്ലാതെ അവളെ എന്തു വിളിക്കാൻ...