ആത്മഹത്യാ ഭീഷണിയുമായി കർഷകൻ കണ്ണൻ; കാട്ടാന നശിപ്പിച്ചത് ആയിരം വാഴകൾ
സ്വന്തം ലേഖകൻ
Friday, February 14, 2025 6:03 AM IST
കൽപ്പറ്റ: കാട്ടാനയുടെ താണ്ഡവത്തിൽ രണ്ടു ദിവസത്തിനിടെ രണ്ട് മനുഷ്യജീവൻ പൊലിഞ്ഞതിനൊപ്പം ഏക്കർ കണക്കിന് കൃഷിയും നാമാവശേഷമായി.
പനമരം പാതിരിയന്പത്ത് ഇറങ്ങിയ കാട്ടാനക്കൂട്ടം കൂടിയോത്ത് കണ്ണന്റെ ആയിരത്തോളം വാഴകളാണു നശിപ്പിച്ചത്. കണ്ണൻ പാട്ടത്തിനെടുത്ത് കൃഷിചെയ്ത തോട്ടത്തിലെ കുലയ്ക്കാറായ 1,000 വാഴകളാണു കാട്ടാനകൾ ഒറ്റ രാത്രികൊണ്ട് നിലംപരിശാക്കിയത്.
1,200 വാഴയാണു കൃഷിചെയ്തിരുന്നത്. വാഴ നനയ്ക്കാൻ ഉപയോഗിക്കുന്ന പൈപ്പുകളും വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ കാവലിനായി നിർമിച്ച ഷെഡും ആന നശിപ്പിച്ചു. രാത്രി ഭക്ഷണം കഴിക്കാനായി വീട്ടിൽപോയി തിരിച്ചെത്തിയപ്പോഴേയ്ക്കും കാട്ടാനകൾ കൃഷി നശിപ്പിച്ചു.
കടം വാങ്ങിയാണു കണ്ണൻ കൃഷിയിറക്കിയത്.
കുലയ്ക്കാറായ വാഴകൾ കാട്ടാന നശിപ്പിച്ചതോടെ എന്തുചെയ്യുമെന്നറിയാതെ വിഷമിക്കുകയാണു കണ്ണൻ. കാട്ടാന തന്നെ കൊല്ലുകയായിരുന്നു ഇതിലും ഭേദമെന്നു കണ്ണൻ പറഞ്ഞു.
കാട്ടാന വാഴകൃഷി നശിപ്പിച്ചതിൽ മനംനൊന്ത് വനംവകുപ്പിന്റെ ഔട്ട് പോസ്റ്റിനു മുകളിൽ വിഷക്കുപ്പിയുമായി എത്തിയാണ് കണ്ണൻ ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞത്. നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അടയന്തര പരിഹാരം നൽകുമെന്നു വനംവകുപ്പ് ഉറപ്പ് നൽകിയതോടെയാണ് കണ്ണൻ താഴെയിറങ്ങിയത്. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണ്. എന്നാൽ വിഷയത്തിൽ വനംവകുപ്പ് കൃത്യമായി ഇടപെടുന്നില്ലെന്ന് വ്യാപക ആരോപണം ഉയരുന്നുണ്ട്.
പനമരം, നടവയൽ, പുൽപ്പള്ളി, മുള്ളൻകൊല്ലി, ചേകാടി പ്രദേശത്തെ കർഷകർ വന്യമൃഗഭീതിയിൽ ജീവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കുടിയേറ്റ മേഖലയിൽ മുൻപെങ്ങുമില്ലാത്തവിധമാണ് വന്യമൃഗങ്ങൾ ആളുകളെ അക്രമിക്കുന്നതും കൃഷിനശിപ്പിക്കുന്നതും. സ്വാഭാവിക വനങ്ങൾ പ്ലാന്റേഷൻ ആക്കിമാറ്റിയതും വേനൽ ആരംഭിച്ചതോടെ വനങ്ങൾ ഉണങ്ങിത്തുടങ്ങിയതും വന്യമൃഗങ്ങൾ തീറ്റതേടി നാട്ടിലിറങ്ങുന്നതിനു കാരണമായി.
കാട്ടാന, പന്നി, മാൻ, മയിൽ, കുരങ്ങ് എന്നിവയുടെ ശല്യത്താൽ ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് ഓരോ ദിവസവും കർഷകർക്കു സംഭവിക്കുന്നത്. വന്യമൃഗങ്ങളെ പേടിച്ച് ഇഞ്ചി, ചേന, ചേന്പ്, കാച്ചിൽ തുടങ്ങിയ കിഴങ്ങുവിളകൾ കർഷകർ കൃഷിചെയ്യാതായിട്ടുണ്ട്.