നേര്‍ക്കുനേര്‍ പോരടിച്ച് സ്പീക്കറും പ്രതിപക്ഷ നേതാവും
Friday, February 14, 2025 6:03 AM IST
തിരുവനന്തപുരം: പ്രസംഗത്തിന്റെ സമയത്തെ ചൊല്ലി നിയമസഭയില്‍ നേര്‍ക്കുനേര്‍ പോരടിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീറും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനു പിന്നാലെ പ്രതിപക്ഷ നേതാവ് നടത്തിയ വാക്കൗട്ട് പ്രസംഗം നീണ്ടു പോകുന്നു എന്നു പറഞ്ഞ് സ്പീക്കര്‍ ഇടപെട്ടതോടെയാണ് നിയമസഭ വാക്പോരിലും ബഹളത്തിലും മുങ്ങിയത്. തുടര്‍ന്ന് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞു.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചെന്ന് ആരോപിച്ച് കണക്കുകള്‍ നിരത്തി സതീശന് സര്‍ക്കാരിനെ കടന്നാക്രമിക്കുമ്പോഴാണ് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ സമയം അതിക്രമിക്കുന്നു എന്നു ചൂണ്ടിക്കാട്ടി ഇടപെട്ടത്. ആദ്യം അതു കാര്യമാക്കാതെ പ്രസംഗം തുടര്‍ന്ന പ്രതിപക്ഷ നേതാവ്, തുടര്‍ന്നും സ്പീക്കര്‍ ഇടപെട്ടതില്‍ പ്രകോപിതനാവുകയായിരുന്നു. എന്തിനാണ് തന്റെ പ്രസംഗം നിയന്ത്രിക്കാനും തടസപ്പെടുത്താനും ശ്രമിക്കുന്നതെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് സ്പീക്കറുടെ നടപടിയെ ശക്തമായി വിമര്‍ശിച്ചു.
ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി എഴുന്നേറ്റു. തന്നെ തടസപ്പെടുത്തിയിട്ട് സഭ നടത്താനാണോ സ്പീക്കര്‍ ഉദ്ദേശിക്കുന്നതെന്ന സതീശന്റെ ചോദ്യത്തിന് ഒന്‍പത് മിനിറ്റ് കഴിഞ്ഞപ്പോഴാണ് താന്‍ ഇടപെട്ടതെന്നായിരുന്നു സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ മറുപടി.
പ്രതിപക്ഷ നേതാവും സ്പീക്കറും നേര്‍ക്കുനേര്‍ പോരടിച്ചതോടെ പ്രതിപക്ഷ അംഗങ്ങളും ഭരണപക്ഷ അംഗങ്ങളും എഴുന്നേറ്റു. പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു മുന്നില്‍ പ്രതിഷേധവുമായി തടിച്ചുകൂടി. ഇതോടെ ഭരണപക്ഷ അംഗങ്ങളും നടുത്തളത്തിനടുത്തെത്തി. പത്ത് മിനിറ്റോളം ഇരുപക്ഷവും പ്രതിഷേധവുമായി നിലയുറപ്പിച്ചു. പിന്നാലെ സ്പീക്കറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഭരണപക്ഷ അംഗങ്ങള്‍ സീറ്റുകളിലേക്കു മടങ്ങി.
പിന്നാലെ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കി നിയമസഭ പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷ പ്രതിഷേധം അവസാനിച്ചത്.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായുള്ള വിവിധ പദ്ധതികളുടെ ഫണ്ട് വെട്ടിക്കുറച്ച സാഹചര്യം ആശങ്കയുളവാക്കുന്നതാണെന്നും ഇക്കാര്യം സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷത്തു നിന്നും എ.പി. അനില്‍കുമാറാണ് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചത്. ഈ സര്‍ക്കാരിന്റെ മുന്‍ഗണനാ ലിസ്റ്റില്‍ പട്ടിക വിഭാഗങ്ങളില്ലെന്ന് അനില്‍കുമാര്‍ ആരോപിച്ചു.
എന്നാല്‍ തുക വെട്ടിക്കുറയ്ക്കുകയല്ല പദ്ധതികള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ റീസ്ട്രക്ചര്‍ ചെയ്യുക മാത്രമാണ് ചെയ്തതെന്നായിരുന്നു മന്ത്രി ഒ.ആര് കേളുവിന്റെ വിശദീകരണം. സര്‍ക്കാരിനെതിരേ തെറ്റിദ്ധാരണ പടര്‍ത്താന്‍ വേണ്ടിയാണ് പ്രതിപക്ഷം ഇത്തരം നുണപ്രചാരണം നടത്തുന്നതെന്നും പട്ടിക വിഭാഗങ്ങള്‍ക്കായി നീക്കിവച്ച ഫണ്ടില്‍ ഒരു രൂപ പോലും നല്‍കാതിരിക്കില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാലും പറഞ്ഞു.
എന്നാല്‍ ഇതിനെ ഖണ്ഡിക്കുന്ന വാദഗതികളും കണക്കുകളും നിരത്തിയായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസംഗം.
പട്ടികവര്‍ഗ വിഭാഗത്തിനായി നീക്കിവച്ച തുകയില്‍ 111 കോടി രൂപയും പട്ടികജാതി വിഭാഗത്തിനായി നീക്കിവച്ച തുകയില്‍ 450 കോടിയും സര്‍ക്കാര്‍ വെട്ടിക്കുറച്ചെന്ന് സതീശന് ആരോപിച്ചു.
പട്ടികവര്‍ഗ വിഭാഗത്തിന് വീട് നിര്‍മിക്കുന്നതിനായി ലൈഫ് പദ്ധതിയില്‍ നീക്കിവച്ച 140 കോടി രൂപയില്‍ ഒരു രൂപ പോലും സര്‍ക്കാര്‍ ചെലവഴിച്ചില്ലെന്നും സതീശന് ചൂണ്ടിക്കാട്ടി.