വന്യജീവി ആക്രമണം: ഒന്നാം നിയമസഭ മുതൽ തുടരുന്ന വിഷയം
മാത്യു ആന്റണി
Friday, February 14, 2025 6:03 AM IST
ഒന്നാം കേരള നിയമസഭയിൽ മുതൽ ഉന്നയിക്കപ്പെടുന്ന വിഷയമായി വന്യജീവിആക്രമണങ്ങൾ മാറിയിരിക്കുന്നു. 1957 ഓഗസ്റ്റ് 24നു ചോദ്യോത്തരവേളയിലാണ് ഈ പ്രശ്നം കേരള നിയമസഭയിൽ ആദ്യമായി എത്തുന്നത്. ആര്യനാട് എംഎൽഎ ആർ. ബാലകൃഷ്ണപിള്ളയാണ് വന്യജീവിആക്രമണങ്ങളിലൂടെ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ പ്രശ്നങ്ങൾ നിയമസഭയുടെ മുമ്പിൽ ആദ്യമെത്തിച്ചത്.
കാട്ടാനശല്യത്തിൽനിന്നു രക്ഷിക്കണമെന്നഭ്യർഥിച്ചുകൊണ്ടു മലയോര പ്രദേശത്തെ കൃഷിക്കാരുടെ ഏതെങ്കിലും പരാതി സർക്കാരിന്റെ പരിഗണനയിലുണ്ടോ എന്നതായിരുന്നു എസ്.ആർ. ബാലകൃഷ്ണപിള്ളയുടെ ചോദ്യം. മലയോരപ്രദേശമായ കോട്ടൂരിൽ ഉണ്ടായ വന്യജീവിആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ചോദ്യം. കോട്ടൂർ സ്വദേശി ശാമുവേൽ നാടാർ എന്നയാളിന്റെ വീട് ഒരു രാത്രിയിൽ കാട്ടാന നശിപ്പിക്കുകയും അയാളുടെ ഭാര്യയെ ചവിട്ടിക്കൊല്ലുകയും ചെയ്തു.
ഈ സംഭവം നിമിത്തം ദുരിതമനുഭവിക്കുന്ന ശാമുവേൽ നാടാർക്ക് സഹായധനം നല്കണമെന്നുള്ള അപേക്ഷയിൽ സർക്കാർ എന്തു നടപടിയെടുത്തു എന്നും എംഎൽഎ ചോദിച്ചു.
വനംമന്ത്രി കെ.സി. ജോർജാണ് മറുപടി നല്കിയത്. കൃഷിക്കാരുടെ പരാതി സർക്കാരിന്റെ പരിഗണനയിലാണെന്നായിരുന്നു മന്ത്രിയുടെ ഉത്തരം.
കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന് 250 രൂപ സഹായധനം നൽകുന്നതിനു സർക്കാർ ഉത്തരവ് ഇറക്കിയതായി മന്ത്രി നിയമസഭയിൽ പ്രസ്താവിച്ചു.
തകഴി എംഎൽഎ തോമസ് ജോൺ കല്ലാർപ്രദേശത്തെ കർഷകർക്കു കാട്ടാനയുടെ ശല്യംകൊണ്ട് നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അവിടെ ഒരു കർഷകനെ ആന ചവിട്ടിക്കൊന്നതിനെക്കുറിച്ചും ഉപചോദ്യം ഉന്നയിച്ചെങ്കിലും അക്കാര്യങ്ങളെക്കുറിച്ച് സർക്കാരിന് അറിവില്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
പതിനഞ്ചാം നിയമസഭയുടെ പതിമൂന്നാം സമ്മേളനം നടക്കുന്ന ഈ സമയത്തും ദിവസേന ഒന്നിലധികം ജീവനുകൾ വന്യജീവി ആക്രമണത്തിൽ പൊലിയുന്നു.
ഇരകളുടെ കുടുംബത്തിനു നല്കുന്ന സഹായധനത്തിൽ ഉണ്ടായ നേരിയ വർധനവ് ഒഴിച്ചാൽ വന്യജീവിആക്രമണത്തിനു ശാശ്വതമായ പരിഹാരം കണ്ടെത്താൻ കേരള നിയമസഭയ്ക്കു കഴിഞ്ഞിട്ടില്ല എന്ന് ഈ രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.