വയോജന കമ്മീഷൻ ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു
Friday, February 14, 2025 6:02 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ആരംഭിക്കാൻ ഉദ്ദേശിക്കുന്ന വയോജന കമ്മീഷൻ സംബന്ധിച്ചുള്ള 2025 ലെ കേരള സംസ്ഥാന വയോജന കമ്മീഷൻ ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. സ്പീക്കറും പ്രതിപക്ഷനേതാവും തമ്മിലുള്ള വാക്പോരിനെ തുടർന്ന് നിയമസഭ നേരത്തേ പിരിഞ്ഞതിനാൽ ബില്ലിന്മേൽ ചർച്ചയില്ലാതെയാണ് സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കായി വിട്ടത്.
വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട സർക്കാരിന് മാർഗനിർദേശം നല്കുകയെന്നതാണ് കമ്മീഷന്റെ പ്രധാന ചുമതലയെന്നു ബിൽ വ്യക്തമാക്കുന്നു.
വയോജനങ്ങളുടെ കഴിവുകൾ പൊതുസമൂഹത്തിന് ഉപയോഗപ്രദമാകുന്ന തരത്തിൽ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിനും വയോജന സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളിലോ ഉത്തരവുകളിലോ ഉള്ള വ്യവസ്ഥകൾ നടപ്പാക്കുന്നതിനായി വേണ്ട പരിശോധനകൾ നടത്തി ആവശ്യമായ പരിഹാരമാർഗങ്ങൾ ശിപാർശ ചെയ്യുന്നതിനും കമ്മീഷന് അധികാരമുണ്ടെന്നു ബിൽ വ്യക്തമാക്കുന്നു.
കൂടാതെ സർക്കാരിന്റെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വയോജന ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്താനും വയോജന കമ്മിഷന് അധികാരം നല്കുന്നു. കമ്മീഷന്റെ കാലാവധി മൂന്നു വർഷമായിരിക്കും. ചെയർപേഴ്സണ് ഉൾപ്പെടെ കമ്മീഷനിൽ നിയമിക്കപ്പെടുന്ന എല്ലാ അംഗങ്ങളും വയോജനങ്ങൾ ആയിരിക്കണം. കൂടാതെ ഇവർ വയോജനക്ഷേമ മേഖലയിൽ പ്രവർത്തനപരിചയവുമുള്ളവരായിരിക്കണം. അംഗങ്ങളിൽ ഒരാൾ പട്ടികജാതിയിലോ പട്ടികവർഗ വിഭാഗത്തിലോ പെട്ട ആളായിരിക്കണമെന്നും ഒരു വനിതയും അംഗമായിരിക്കണമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു. 2024 ലെ കേരളാ വ്യാവസായിക അടിസ്ഥാന സൗകര്യ വികസന ഭേതഗതി ബില്ലും ഇന്നലെ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്കായി വിട്ടു.