യുജിസിയുടെ പുതിയ മാർഗനിർദേശങ്ങൾ നിയമവിരുദ്ധം: മന്ത്രി പി. രാജീവ്
Friday, February 14, 2025 6:02 AM IST
തിരുവനന്തപുരം: യുജിസിയുടെ പുതിയ മാർഗനിർദേശങ്ങൾ പൂർണമായും നിയമവിരുദ്ധമാണെന്നു മന്ത്രി പി.രാജീവ്. വൈസ് ചാൻസലർ നിയമനം അടക്കമുള്ള കാര്യങ്ങൾ സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ വരുന്നതാണെന്നും ഇതു കേന്ദ്രം കവർന്നെടുക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
അധ്യാപകരുടെ യോഗ്യത നിയന്ത്രിക്കാനും റെഗുലേറ്റ് ചെയ്യാനുമുള്ളതാണു യുജിസിയുടെ മാർഗനിർദേശങ്ങളിലെ 26 ഇ വകുപ്പ്. വൈസ് ചാൻസലർ എന്നത് അധ്യാപകനല്ലാത്തിടത്തോളം കാലം യുജിസിക്ക് അതുസംബന്ധിച്ചു റെഗുലേഷൻ നടത്താൻ പാർലമെന്റ് അധികാരം നൽകിയിട്ടില്ല. അതിനാൽ യുജിസി കൊണ്ടുവന്ന ഈ നയം യുജിസി നയത്തിനു തന്നെ വിരുദ്ധമാണ്.
അതോടൊപ്പം തന്നെ ഭരണഘടന പ്രകാരം യൂണിവേഴ്സിറ്റികളുടെ റെഗുലേഷൻ സംസ്ഥാനങ്ങളുടേതാണ്. യൂണിയൻ ലിസ്റ്റിലെ 44 വകുപ്പിൽ പറയുന്നതു യൂണിവേഴ്സിറ്റികൾ ഒഴികെ എന്നാണ്. അതിനാൽ യുജിസിയുടെ നീക്കം പൂർണമായും ഭരണഘടനാ വിരുദ്ധവും യുജിസിയുടെ തന്നെ നിയമത്തിനും എതിരാണെന്നും മന്ത്രി പറഞ്ഞു.