നെടുമ്പാശേരി: കൊച്ചി കസ്റ്റംസ് ഹൗസിന്റെയും കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനം ആചരിച്ചു. മയക്കുമരുന്ന് രഹിത സമൂഹത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 12 മുതൽ 26 വരെ സംഘടിപ്പിച്ചിട്ടുള്ള മയക്കുമരുന്ന് രഹിത ഇന്ത്യ എന്ന പ്രചരണത്തിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
കൊച്ചി ലിസി ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ധൻ വിവിൻ ഏബ്രഹാം, സ്റ്റുഡന്റ് കൗൺസിലർ ഫാബിത സുലൈമാൻ എന്നിവർ മയക്കുമരുന്ന് ദുരുപയോഗം, അനധികൃത കടത്ത് എന്നിവയുടെ അപകടങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ച് വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസെടുത്തു.
മയക്കുമരുന്നിനെതിരെ നടപടിയെടുക്കാൻ ആഹ്വാനം ചെയ്യുന്ന മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ വീഡിയോ കൊളാഷും ചടങ്ങിൽ അനാച്ഛാദനം ചെയ്തു. ചീഫ് കമ്മീഷണർ മനോജ് കെ. അറോറ, എറണാകുളം സെന്റ് തെരേസാസ് കോൺവന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷീന സ്പർശിത എന്നിവർ പ്രസംഗിച്ചു.
അങ്കമാലി: കാലടി ചെങ്ങല്‍ സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍ കാഞ്ഞൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും വിമല ആശുപത്രിയുടെയും നേതൃത്വത്തില്‍ ലഹരി വിരുദ്ധ ദിനം ആചരിച്ചു. കാഞ്ഞൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ സഞ്ജു പോള്‍ ബോധവത്കരണ ക്ലാസ് നയിച്ചു. പ്രധാനാധ്യാപിക സിസ്റ്റര്‍ ജെയ്സ് തെരേസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കുട്ടികളുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പാര്‍ലമെന്റ് സംഘടിപ്പിച്ചു. ഗൈഡ്സ്, റെഡ് ക്രോസ്, വിമല ഹോസ്പിറ്റലിലെ നഴ്സിംഗ് വിദ്യാര്‍ഥികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ജയ റോസ് ബോധവത്കരണ റാലി ഫ്ലാഗ് ഓഫ് ചെയ്തു.
അങ്കമാലി: അങ്കമാലി ഡീപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആൻഡ് ടെക്നോളജിയുടെ നേതൃത്വത്തില്‍ ആന്റി നാര്‍കോട്ടിക് സെല്ലും ഡീപോള്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസും സംയുക്തമായി ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ആലുവ ടെക്നിക്കല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ജയ അധ്യക്ഷത വഹിച്ചു.
അങ്കമാലി: അങ്കമാലി സെന്റ് ആന്‍സ് കോളജില്‍ ലഹരി വിരുദ്ധ ക്ലബിന്റെയും എന്‍എസ്എസ്, എന്‍സിസി ആര്‍മി, അങ്കമാലി നഗരസഭ 20-ാം വാര്‍ഡ് ഹരിത കര്‍മ സേനയുടെയും നേതൃത്വത്തില്‍ ലഹരി വിരുദ്ധ ദിനം ആചരിച്ചു. കോളജ് അങ്കണത്തില്‍ നടന്ന ചടങ്ങ് ചെയര്മാന് സി.എ. ജോര്‍ജ് കുര്യന് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എം.കെ. രാമചന്ദ്രന് ലഹരിക്കെതിരായ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കലൂര്‍: ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പൊറ്റക്കുഴി തെരേസ സ്പിനെലി പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ കാമ്പയിന് നടത്തി. കോര്പറേഷന് കൗണ്‍സിലര്‍ സി.എ. ഷക്കീര്‍ ഉദ്ഘാടനം ചെയ്തു. പൊറ്റക്കുഴി ജംഗ്ഷന്, കലൂര്‍ മെട്രോ സ്റ്റേഷന്, ഹൈക്കോര്‍ട്ട് ജംഗ്ഷന് എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. ഡലഗേറ്റ് സുപ്പീരിയര്‍ സിസ്റ്റര്‍ മേരി ബിജി, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ താര ബെന്‍, അധ്യാപകരായ ഹെമിന് ഡിക്രൂസ്, അനിജോമോള്, ഷൈന്‍, ആരോമല്‍ എന്നിവര്‍ പ്രസംഗിച്ചു.
നെടുമ്പാശേരി: അയിരൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ചെങ്ങമനാട് എസ്എച്ച്ഒ ആർ. കുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി പ്രതിജ്ഞ ചൊല്ലിക്കൊടുക്കുത്തു. മാനേജർ ഫാ. ജോയ്സ് കൈതക്കോട്ടിൽ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശവും മുദ്രാവാക്യവും പറഞ്ഞുകൊടുത്തു. കുട്ടികളുടെ മോക്പാർലമെന്റും ഫ്ലാഷ് മോബും ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. തുടർന്ന് എസ്എച്ച്ഒയുടെ നേതൃത്വത്തിൽ അയിരൂർ ജംഗ്ഷനിലേക്ക് ലഹരി വിരുദ്ധ റാലി നടത്തി.
വൈപ്പിൻ: ഞാറക്കൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. തുടർന്ന് നടന്ന യോഗത്തിൽ വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. എക്സൈസ് ഉദ്യോഗസ്ഥരായ വി.എം. ഹാരിസ്, രതീഷ് കെ. തങ്കപ്പൻ, രാജി ജോസ്, പ്രധാനാധ്യാപിക സിസ്റ്റർ ജിനി ജോൺ, അധ്യാപകരായ ഷീന ഫ്രാൻസിസ്, സെബാസ്റ്റ്യൻ, ആന്റണി, സി.ജെ. റെക്സി എന്നിവർ പ്രസംഗിച്ചു.
പെരുമ്പാവൂർ: കൂവപ്പടി സെന്റ് ആൻസ് പബ്ലിക് സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടന്നു. പിടിഡബ്ലിയുഎ പ്രസിഡന്റ് ഗോഡ്വിൻ പോൾ വിവിധ ക്ലബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. കാലടി എക്സൈസ് റേഞ്ച് ഓഫീസ്, പ്രിസർവേറ്റീവ് ഓഫീസർ സിദ്ദിഖ് കുട്ടികൾക്ക് ബോധവത്കരണ ക്ലാസെടുത്തു. പ്രിൻസിപ്പൽ സിസ്റ്റർ ഷീജ ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു.
അങ്കമാലി: ചുള്ളി സെന്റ് ജോര്‍ജ് ഇടവക വിശ്വാസ പരിശീലന വിഭാഗത്തിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ സന്ദേശം നല്കുന്ന ഫ്ലാഷ് മോബ് നടത്തി. ഫ്ലാഷ് മോബ് ഒരുക്കിയ പ്രധാനാധ്യാപകന് നോബിള്‍, സെക്രട്ടറി റിയ, ഡോണ, ജൂലിയ, അക്ഷയ്, ജിന്സണ്, ആന്റോ ജോയല്‍ എന്നിവരെയും വിശ്വാസ പരിശീലന അധ്യാപകരെയും കുട്ടികളെയും വികാരി ഫാ. ഷനു മൂഞ്ഞേലി അനുമോദിച്ചു.
മരട്: ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മൂത്തേടം സെന്റ് മേരീസ് യുപി സ്കൂളിലെ വിദ്യാർഥികൾ ന്യൂക്ലിയസ് മാളിലും മേരിമഗ്ദലിൻ ദേവാലയ മുറ്റത്തും കുണ്ടന്നൂർ ജംഗ്ഷനിലും ഫ്ലാഷ് മോബ് നടത്തി. പ്ലക്കാർഡ്, പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ.ഷൈജു തോപ്പിൽ, എച്ച്എം ഡെൽസി ജോർജ് എന്നിവർ നേതൃത്വം നൽകി.