തണ്ണിമത്തൻ കൃഷിയിൽ നൂറുമേനി വിളവുമായി യുവകർഷകൻ
1517023
Sunday, February 23, 2025 6:10 AM IST
ആർ.സി. ദീപു
നെടുമങ്ങാട്: കടുത്ത വേനൽ ചൂടിൽ ദാഹമകറ്റാനും വിശപ്പടക്കാനും തണ്ണിമത്തനാണ് ഏവർക്കും പ്രിയം. അന്യസംസ്ഥാനങ്ങളിൽ മാത്രം കൃഷിചെയ്തിരുന്ന തണ്ണിമത്തൻ ഇപ്പോൾ നമ്മുടെ നാട്ടിലും വിളയിച്ച് മാതൃകയായി കർഷകൻ.
അരുവിക്കര ഇരുമ്പ നാണുമല വസന്ത ഭവനിൽ സുധീഷ് എന്ന യുവ കർഷകനാണ് തണ്ണിമത്തൻ കൃഷിയിൽ നൂറുമേനി വിളവെടുത്തത്. വീടിനു മുൻവശത്തുള്ള 30 സെന്റ് പറമ്പ് വർഷങ്ങളായി കാടുപിടിച്ച് ഇഴ ജന്തുക്കളുടെ വാസസ്ഥാനമായി കിടക്കുകയായിരുന്നു. പഞ്ചായത്തിന്റെയും കൃഷി ഓഫീസിന്റെയും സഹകരണത്തോടെയാണ് വിത്തിറക്കിയത്.
തണ്ണിമത്തന്റെ കിരൺ എന്ന ഇനമാണ് വിളയിച്ചെടുത്തത്. പ്ലംബറായ സുധീഷ് ജോലിക്കു പോകുമ്പോൾ ഭാര്യ സൗമ്യയും മകനും നാലാം ക്ലാസ് വിദ്യാർഥിയുമായ അഭിനവും കൃഷിയുടെ പരിപാലനം നടത്തി. കൃഷി വകുപ്പ് ഉദ്യോഗസ്ഥരും നേരിട്ടെത്തി പരിശോധന നടത്തി. 70 ദിവസത്തെ തീവ്രപരിശ്രമത്തിനൊടുവിലാണു വിഷരഹിത തണ്ണിമത്തൻ വിളയിച്ചെടുത്തു നൂറുമേനി കൊയ്തു.
അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ആർ. കല വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഏകദേശം 3000ഓളം തണ്ണിമത്തനാണ് വിളവെടുത്തത്. വിളവെടുപ്പ് അറിഞ്ഞെത്തിയവരും നാട്ടുകാർ തണ്ണിമത്തൻ വാങ്ങിയതോടെ മണിക്കൂറുകൾക്കകം വിളവെടുത്ത തണ്ണിമത്തൻ പൂർണമായും വിറ്റു തീർന്നു. ഓരോ ചെടിക്കും കൃത്യമായ രീതിയിൽ വെള്ളമെത്തിക്കുന്ന തലത്തിലുള്ള പ്രസിഷൻ ഫാമിംഗ് ആണ് കൃഷിക്കായി ഉപയോഗിച്ചത് .
കേരളത്തിൽ തണ്ണിമത്തൻ കൃഷിക്ക് സാധ്യത വളരെ കൂടുതൽ ആണെന്നും കർഷകർ കൂടുതലായി ഈ കൃഷി ചെയ്യാൻ തയാറാകണമെന്നും സുധീഷ് പറഞ്ഞു. തണ്ണിമത്തൻ കൃഷി വിജയമായതിനാൽ അരുവിക്കര പഞ്ചായത്തിലെ കൃഷിയിടങ്ങളിൽ തണ്ണി മത്തൻ കൃഷി വ്യാപിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്തും കൃഷിഭവനും.