കല്ലാറിൽ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി
1517017
Sunday, February 23, 2025 6:06 AM IST
വിതുര: കല്ലാറിൽ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി. ഗവ. എൽപി സ്കൂളിന്റെ മതിൽ തകർത്തു. ഇന്നലെ പുലർച്ചെയാണ് കാട്ടാനയിറങ്ങിയത്.
കല്ലാർ ഗവ. എൽപി സ്കൂളിനു സമീപത്തായി എത്തിയ ആന സ്കൂളിന്റെ ചുറ്റുമതിൽ തകർത്തു. തുടർന്നു സ്കൂളിനുള്ളിലെ തെങ്ങും തള്ളിമറിച്ചിട്ടു. ഇതിനുശേഷം തിരികെ കാടുകയറി. സ്കൂളിനുനേരെയുണ്ടായ കാട്ടാന ആക്രമണത്തിൽ നാട്ടുകാർ ഭീതിയിലാണ്. വിതുര, പാലോട് മേഖലകളിൽ കാട്ടാനയുടെ ആക്രമണം വർധിച്ചിട്ടുണ്ട്.
പാലോട് ശാസ്താംപാറയിൽ ഈ മാസം കാട്ടാനയുടെ ആക്രമത്തിൽ ഒരാൾ മരണപ്പെട്ടിരുന്നു. മറ്റൊരാക്രമണത്തിൽ ഇരുചക്രവാഹന യാത്രക്കാരായ രണ്ടുപേർക്കു പരുക്കേറ്റിരുന്നു.
സിപിഐ ജില്ലാസെക്രട്ടറി സ്ഥലം സന്ദർശിച്ചു
വിതുര: കല്ലാർ ജനവാസ മേഖലയിൽ സ്കൂളിന്റെ ചുറ്റുമതിൽ കാട്ടാന തകർത്ത സ്ഥലം സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ സന്ദർശിച്ചു. തുടർന്ന് പരുത്തിപ്പള്ളി വനം റേഞ്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
വനം മന്ത്രിയുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ആദിവാസി ഊരുമൂപ്പന്മാർ, കർഷകർ എന്നിവരുടെ യോഗം വിളിക്കണമെന്ന് രാധാകൃഷ്ണ ൻ സർക്കാരിനോടാവശ്യപ്പെട്ടു.