റിട്ട. എഎസ്ഐയുടെ കൊലപാതകം: മൂന്നു പ്രതികൾ കുറ്റക്കാർ
1516992
Sunday, February 23, 2025 5:57 AM IST
പൂവാർ: കാഞ്ഞിരംകുളത്ത് റിട്ട: എഎസ്ഐ മനോഹരൻ കൊലചെയ്യപ്പെട്ട കേസിൽ ഒന്നു മുതൽ മൂന്ന വരെ പ്രതികൾ കുറ്റക്കാർ. ഒന്നാം പ്രതി കാഞ്ഞിരംകുളം മുലയൻതാന്നി ക്ഷേത്രത്തിനു സമീപം വേങ്ങനിന്ന തടത്തരികത്ത് വീട്ടിൽ സുരേഷ് (42), രണ്ടാംപ്രതി തങ്കുടു എ്നു വിളിക്കുന്ന വിജയൻ (69 ), മൂന്നാം പ്രതി സുനിൽ (36) എന്നിവരെയാണ് നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ.എം. ബഷീർ കുറ്റക്കാരെന്ന് കണ്ടെത്തിയത്.
കാഞ്ഞിരംകുളം മുലയൻതാന്നി വേങ്ങനിന്ന വടക്കരുക് വീട്ടിൽ റിട്ട. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മനോഹരനാണ് (57) കൊല്ലപ്പെട്ടത്. 2021 ജനുവരി 27-ാം തീയതി രാത്രി 8.30ന് അയൽവാസികളായ പ്രതികൾ മനോഹരന്റെ വീട്ടുനടയിൽ അതിക്രമിച്ചുകയറി ഇരുമ്പ് കമ്പിപ്പാരകൊണ്ട് മനോഹരനെയും, ഭാര്യ അനിതയെയും ആക്രമിക്കുകയായിരുന്നു.
ഈ സംഭവത്തിനു രണ്ടു ദിവസം മുമ്പ് നെയ്യാറ്റിൻകര താലൂക്ക് തഹസിൽദാർ ഓഫീസിൽ നിന്നും പ്രതികളുടെ വീടിനു സമീപത്തെ ചാനൽകരയിലെ പുറമ്പോക്കിന്റെ അതിരുനിർണയിച്ചുള്ള സർവേ, പിഡബ്ല്യൂഡി അധികൃതർ സ്ഥലത്തെത്തി നടത്തിയിരുന്നു.
ഉദ്യോഗസ്ഥർ എത്തിയത് കൊല്ലപ്പെട്ട മനോഹരനും ഭാര്യയും പരാതി പെട്ടതിനെ തുടർന്നാണെന്നു തെറ്റിദ്ധരിച്ചുണ്ടായ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പോലീസ് പറഞ്ഞു. ആക്രമണത്തിൽ ഇരുമ്പ് കമ്പിപ്പാര കൊണ്ട് തലയ്ക്കു മാരക പരിക്കേറ്റ മനോഹരനും ഭാര്യ അനിതയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കവേ പതിനൊന്നം ദിവസം മനോഹരൻ മരണപ്പെട്ടു.
ജാമ്യത്തിൽ കഴിഞ്ഞുവന്നിരുന്ന ഒന്ന് മുതൽ മൂന്നു വരെ പ്രതികളെയും കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ എടുത്ത് ജയിലേക്ക് മാറ്റി. കേസിന്റെ ശിക്ഷ വിധിക്കാനായി കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശാല എ . അജികുമാർ കോടതിയിൽ ഹാജരായി.