ചോദ്യങ്ങൾക്ക് ഉത്തരവുമായി പട്ടം സെന്റ് മേരീസിലെ "നോവ’
1516991
Sunday, February 23, 2025 5:57 AM IST
തിരുവനന്തപുരം: നോവയ്ക്ക് ഏതു ചോദ്യത്തിനും ഉത്തരമുണ്ട്. നിങ്ങളുടെ മുഖം തിരിച്ചറിയുന്നു, നിങ്ങളുടെ ഭാഷയിൽ സംസാരിക്കുന്നു. പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ നിർമിച്ച സെമി ഹ്യുമനോയ്ഡ് റോബോട്ടാണ് നോവ. എട്ടാം ക്ലാസിലെ മിടുക്കന്മാരായ എ. നബീൽ മുഹമ്മദ്, സി. ഷയാൻ, ആർ. ഫൈസാൻ ആമീൻ, ബി. വൈഷ്ണവ്, എസ്.ആർ. ആദിത്യ എന്നിവർ ചേർന്നാണ് നോവ രൂപകല്പന ചെയ്തത്.
സ്കൂളിൽ നടന്ന ഇന്നാവെർജ് റോബോ എക്സ്പോയിലാണ് ആദ്യമായി നോവയെ അവതരിപ്പിച്ചത്. എക്സ്പോയുടെ ഭാഗമായി ഫെയ്സ് ഫോളോയിംഗ് കാമറ, റിവേസ് അലർട്ട്, ഹാൻഡ് സെൻസർ, ഡസ്റ്റ്ബിൻ വിത്ത് മോട്ടോർ സെൻസർ, റെയ്ൻ സെൻസർ, സെയ്ഫ് ഹാവൻ, ബസ് സ്റ്റോപ്പ് സെൻസർ, സേഫ് ഹൗസ്, സ്ട്രീറ്റ് ലൈറ്റ് സെൻസർ, അർഡിനോ ബേസ്ഡ് ഓട്ടോമാറ്റിക്ക് കാർ തുടങ്ങിയവ പ്രദർശിപ്പിച്ചു.
ലിറ്റിൽ കൈറ്റിന്റെ ഭാഗമായി നടത്തപ്പെട്ട എക്സ്പോയുടെ ഉദ്ഘാടനം ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ അനുലേഖ ഫിലിപ്പ് നിർവഹിച്ചു. പ്രിൻസിപ്പൽ ഫാ. നെൽസൻ വലിയവീട്ടിൽ, വൈസ് പ്രിൻസിപ്പൽ റാണി എം. അലക്സ് തുടങ്ങിയവർ പങ്കെടുത്തു.