കൊളംബോ തുറമുഖത്തിന്റെ കമ്മീഷനിംഗ് അടുത്ത മാസം: വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം
1516983
Sunday, February 23, 2025 5:57 AM IST
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: അദാനി നിർമിക്കുന്ന കൊളംബോ പോർട്ടിലെ കണ്ടെയ്നർ ടെർമിനൽ ഉടൻ പ്രവർത്തന സജമാകും; അടുത്ത മാസം കമ്മീഷനിംഗിനുള്ള തയാറെടുപ്പുമായി അധികൃതർ. എന്നാൽ ട്രയൽ റണ്ണും വാണിജ്യ തുറമുഖമെന്ന പ്രഖ്യാപനവും കഴിഞ്ഞ വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലെ അനിശ്ചിതത്വം തുടരുന്നു..!
കൊളംബോയിലെ പഴയ തുറമുഖത്ത് അഞ്ചുവർഷം മുൻപ് നിർമാണം തുടങ്ങിയ ടെർമിനലാണ് ഇപ്പോൾ കമ്മീഷനിംഗിന് തയാറെടുക്കുന്നത്. ട്രാൻഷിപ്പ്മെന്റ് കണ്ടെയ്നർ നീക്കത്തിനുപരി കരമാർഗമുള്ള ഗതാഗതവുമാകുമ്പോൾ തുടക്കം മുതൽ വിഴിഞ്ഞത്തെ വെല്ലുമെന്ന വിലയിരുത്തലുമുണ്ട്. എന്നാൽ വിഴിഞ്ഞത്തെക്കാൾ ആഴക്കുറവും കപ്പലുകൾക്ക് തുറമുഖത്തിനുള്ളിൽ പ്രവേശിക്കാൻ ട്രഡ്ജിംഗ് വേണമെന്നതുമാണു കൊളംബോ തുറമുഖത്തിനുള്ള ഏക വെല്ലുവിളി. എന്നാലും കപ്പലുകൾ അടുക്കുന്ന കാര്യത്തിൽ കൊളംബോ പിന്നോക്കം പോകില്ലെന്നും ഇതുമായി ബന്ധപ്പെട്ട് നിൽക്കുന്നവർ പറയുന്നു.
ശ്രീലങ്കൻ സർക്കാരിന്റെ ഇച്ഛാശക്തിക്കൊപ്പം അദാനിയുടെ പ്രവർത്തനങ്ങളും കാര്യക്ഷമമായതാണ് കൊളംബോ പോർട്ടിനു വിജയമായത്. വിഴിഞ്ഞത്തുനിന്ന് കടൽ മാർഗം മുന്നൂറോളം കിലോമീറ്റർ അപ്പുറമാണ് അദാനിയുടെ മറ്റൊരുതുറമുഖമായ കൊളംബോ. വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗിന്റെ കാര്യം കഴിഞ്ഞ വർഷം നവംബർ മുതൽ പറയുന്നെങ്കിലും മാസങ്ങൾ പലതു കഴിഞ്ഞും തീരുമാനമായില്ല.
ഉദ്ഘാടനത്തിനു പ്രധാനമന്ത്രിയുടെ വരവും കാത്തിരിക്കുകയാണു കേരള സർക്കാർ. വിഴിഞ്ഞത്ത് അദാനി നിർമിച്ച പുതിയ തുറമുഖമാണെങ്കിലും തുടക്കംകുറിച്ച് പത്ത് വർഷത്തോട് അടുക്കുമ്പോഴും കടൽ മാർഗമുള്ള കണ്ടെയ്നർ നീക്കത്തിനു മാത്രമേ സജ്ജമായുള്ളു. ട്രയൽ റൺ ആരംഭിച്ച് എട്ടു മാസത്തിനുള്ളിൽ 175-ൽപ്പരം വിദേശ കപ്പലുകളിൽ നിന്നായി ലക്ഷക്കണക്കിനു കണ്ടെയ്നറുകൾ കൈകാര്യം ചെ യ്തങ്കിലും കരമാർഗം ഒരെണ്ണം പോലും കയറ്റി അയക്കാനായില്ല. അതിനു വേണ്ടിയുള്ള അടിസ്ഥാന കാര്യങ്ങളായ റോഡുകളും റെയിൽവേയുമെല്ലാം പൂർണമാകണമെങ്കിൽ ഇനിയും വർഷങ്ങൾ കാത്തിരിക്കണം.
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പിടിവാശി കാരണം എല്ലാം ശൈശവാവസ്ഥയിൽ തുടരുകയാണ്. ഇവയെല്ലാം പൂർത്തിയായി കണ്ടെയ്നർ നീക്കം പൂർണമാകുന്നതോടെ വിഴിഞ്ഞം തുറമുഖം ലോകത്തെ തന്നെ വൻകിട തുറമുഖങ്ങളിൽ ഒന്നായി മാറും. പ്രകൃതിദത്ത ആഴവും ലോകത്തെ ഏതുതരം കപ്പലുകൾക്കും സുഗമമായി തുറമുഖത്ത് കയറി ദൗത്യം പൂർത്തിയാക്കി മടങ്ങാമെന്നതും അന്താരാഷ്ട്ര കപ്പൽ ചാനലിന് തൊട്ടടുത്ത ഏക തീരമെന്നതും ഒരു കാലത്തും വിഴിഞ്ഞത്തിന്റെ മാറ്റു കുറക്കില്ലെന്നും ബന്ധപ്പെട്ടവർ പറയുന്നു.