നെയ്യാറ്റിൻകര ജെ.സി. ഡാനിയല്‍ സ്മാരകത്തിനു നേരെ ആക്രമണം
1517012
Sunday, February 23, 2025 6:06 AM IST
നെയ്യാറ്റിന്‍കര: നഗരസഭ സ്റ്റേഡിയത്തില്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ച ജെ.സി. ഡാനിയല്‍ സ്മാരകത്തിനു നേരെ ആക്രമണം. സാമൂഹ്യവിരുദ്ധരാണ് ആക്രമണത്തിനു പിന്നിലെനന്നാണു പ്രാഥമിക നിഗമനം. മൂന്നുവര്‍ഷം മുന്‍പാണ് സ്റ്റേഡിയത്തില്‍ സ്ഥലം കണ്ടെത്തി ജെ.സി. ഡാനിയലിന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിച്ചത്.
ഫിലിം റോള്‍ മുകളിലേയ്ക്കുയര്‍ത്തി വീക്ഷിക്കുന്ന ശില്‍പ്പത്തിനു നേരെ നേരത്തെയും അതിക്രമം ഉണ്ടായിട്ടുണ്ടെന്നു പറയപ്പെടുന്നു. സ്മാരകത്തിലെ ശില്‍പ്പത്തിനു പുറമേ സമീപത്തെ ലൈറ്റുകളും നശിപ്പിച്ചു.
ശില്‍പ്പത്തിലെ ഫിലിം റോളുകള്‍ വലിച്ചു താഴെയിട്ട നിലയിലാണ്. പ്രതിമയ്ക്കു സമീപത്തുള്ള കിണറിന്റെ മേല്‍മൂടിയും മാറ്റിയിട്ടുണ്ട്. നഗരസഭ അധികൃതര്‍ നെയ്യാറ്റിന്‍കര പോലീസിൽ പരാതി നൽകി.