കാല്‍നട യാത്രക്കാര്‍ അരക്ഷിതാവസ്ഥയില്‍ : തമ്പാനൂര്‍ ഫ്ളൈ ഓവറിലെ ചുറ്റുവേലി തകര്‍ന്ന നിലയില്‍
1517021
Sunday, February 23, 2025 6:06 AM IST
പേരൂര്‍ക്കട: തമ്പാനൂര്‍ ഫ്ളൈ ഓവറിലെ ചുറ്റുവേലി തകര്‍ന്നതോടെ ഇതുവഴിയുള്ള കാല്‍നട യാത്രക്കാര്‍ അരക്ഷിതാവസ്ഥയില്‍. കിള്ളിപ്പാലം ഭാഗത്തുനിന്നു തമ്പാനൂരിലേക്ക് വരുന്ന റോഡിന്റെ വശങ്ങളിലെ ചുറ്റുവേലിയുടെ ഒരു ഭാഗമാണ് വാഹനാപകടത്തില്‍ തകര്‍ന്നുപോയത്. ഇതിപ്പോള്‍ റെയില്‍വേ വക ഭൂമിയിലേക്ക് മാറ്റിയിട്ടിരിക്കുകയാണ്. അഞ്ചു മീറ്ററോളം വരുന്ന ഭാഗത്തെ ചുറ്റുവേലിയാണ് പൂര്‍ണമായും ഇളകിപ്പോയത്.
വളവും ഏറെ തിരക്കുമുള്ള റോഡില്‍ ഇതോടുകൂടി കാല്‍നട യാത്രികരുടെ സ്വതന്ത്രസഞ്ചാരമാണ് അവതാളത്തിലായിരിക്കുന്നത്. തിരക്കുള്ള സമയങ്ങളില്‍ ചുറ്റുവേലിയോടു ചേര്‍ന്നാണു വാഹനങ്ങള്‍ കടന്നുപോകുന്നത്. നിരവധി കാല്‍നട യാത്രക്കാര്‍ റോഡുവശത്തെ ഫുട്പാത്ത് യാത്രയ്ക്കായി ഉപയോഗിക്കുന്നുണ്ട്.
ഏതെങ്കിലും വിധത്തില്‍ ഇവര്‍ ഒന്ന് റോഡിലേക്ക് ഇറങ്ങുകയാണെങ്കില്‍ വാഹനം ഇടിക്കുമെന്നുള്ള അവസ്ഥയാണ്. അതിനിടെയാണു കാല്‍നട യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ചുറ്റുവേലി തകര്‍ന്നു കിടക്കുന്നത്. വയോധികര്‍ ഉള്‍പ്പെടെ നിരവധി പേര് ഇതുവഴി സഞ്ചരിക്കുന്നുണ്ട്. ഫ്ളൈ ഓവറിന്റെ ഭാഗത്ത് താത്കാലിക ചുറ്റുവേലിയെങ്കിലും സ്ഥാപിച്ചിരുന്നെങ്കില് അത് കാല്‍നട യാത്രികര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുമായിരുന്നു.