ആറ്റുകാൽ പൊങ്കാല; കല്ലുകൾ അതിദരിദ്രർക്ക് വീട് നിർമാണത്തിന്
1516986
Sunday, February 23, 2025 5:57 AM IST
തിരുവനന്തപുരം: ഇത്തവണത്തെ ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ശേഖരിക്കുന്ന കട്ടകൾ നഗരത്തിലെ അതദരിദ്രർക്കു വീട് നിർമിക്കാനായി ഉപയോഗപ്പെടുത്തുമെന്നു നഗരസഭ.
വീട് നിർമാണത്തിനായി ശേഖരിക്കുന്ന കട്ടകൾ നഗരസഭ നേരിട്ട് ഗുണഭോക്താക്കൾക്ക് എത്തിച്ചു നൽകും. തിരുവനന്തപുരം നഗരത്തിൽ ആകെ 581 പേർ അതിദരിദ്ര വിഭാഗത്തിൽ പെട്ടവരാണെന്നു നഗരസഭ കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണം ആവശ്യമുണ്ടായിരുന്ന 319 ഗുണഭോക്താക്കൾക്ക് സപ്ലൈകോ മുഖാന്തിരം എഡിഎസ് മാർ വഴി ആവശ്യമായ സാധനങ്ങൾ വീട്ടിൽ എത്തിച്ച് നൽകി വരുന്നുണ്ടെന്നും മേയർ പത്രക്കുറിപ്പിൽ അറിയിച്ചു.
ആരോഗ്യപരമായ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് പാലിയേറ്റീവ് കെയറിൽ ഉൾപ്പെടുത്തി അവശ്യമരുന്നുകൾ ഉൾപ്പെടെയുള്ള സഹായം എത്തിച്ചു വരുന്നു. ആകെ 278 ഗുണഭോക്താക്കൾക്കാണ് ഇത്തരത്തിൽ സഹായം നൽകിയത്. അതിദരിദ്ര വിഭാഗത്തിൽപ്പെട്ട 36 ഗുണഭോക്താക്കൾക്ക് സ്വയംതൊഴിൽ തുടങ്ങുന്നതിനായി 50,000 രൂപ വീതം അനുവദിച്ച് നൽകി.
പാർപ്പിട പ്രശ്നമുണ്ടായിരുന്ന അതിദരിദ്ര വിഭാഗത്തിൽപ്പെട്ട കുടുംബാംഗങ്ങൾക്ക് അവരുടെ ആവശ്യപ്രകാരം 74 കുടുംബങ്ങൾക്ക് വീട് അറ്റകുറ്റപ്പണികൾ, ഹയർ ഹോം സംവിധാനം, ഫ്ളാറ്റ് (19 ഗുണഭോക്താക്കൾ) എന്നിവ ലഭ്യമാക്കി. അതിദരിദ്ര വിഭാഗത്തിൽപ്പെട്ട 75 കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് ആവശ്യമായ പഠനോപകരണങ്ങൾ വീട്ടിലെത്തിച്ചു നൽകി.
ഇത്തരത്തിൽ അതിദരിദ്രവിഭാഗത്തിൽപ്പെട്ട ലൈഫ്/പിഎംഎവൈ ഗുണഭോക്താക്കളായ നഗരസഭയുമായി കരാറിൽ ഏർപ്പെട്ട 24 ഗുണഭോക്താക്കൾക്കാണ് ഇത്തവണ ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ശേഖരിക്കുന്ന കല്ലുകൾ എത്തിച്ചു നൽകുന്നത്. ഓരോ ഗുണഭോക്താവിനും നഗരസഭ വാഹനം ഏർപ്പെടുത്തി കല്ലുകൾ വീട് നിർമ്മാണം നടക്കുന്ന സ്ഥലത്ത് എത്തിച്ചു നൽകുമെന്നും മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു.