രേഖകളില്ലാതെ മത്സ്യബന്ധനം : രണ്ട് ട്രോളർ ബോട്ടുകളും മൂന്നുവള്ളങ്ങളും കസ്റ്റഡിയിൽ
1516985
Sunday, February 23, 2025 5:57 AM IST
വിഴിഞ്ഞം : രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ രണ്ടു ട്രോളർ ബോട്ടുകളും മൂന്നുവള്ളങ്ങളും മറൈൻഎൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തു.
വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ രാജേഷിന്റെ നേതൃത്വത്തിൽ മറൈൻ എൻഫോഴ്സ്മെന്റ് സിവിൽ പോലീസ് ഓഫീസർ ടിജു, ലൈഫ് ഗാരർഡുമാരായ യൂജിൻ ജോർജ്, ഫ്രഡി എന്നിവർ വിഴിഞ്ഞത്തുനിന്നും മറൈൻ ആംബുലസിൽ നടത്തിയ പട്രോളിംഗിലാണ് വിഴിഞ്ഞത്തുനിന്നും അഞ്ച് കിലോമീറ്റർ ഉള്ളിലായി മതിയായ രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ തമിഴ്നാട് ചിന്നത്തുറ സ്വദേശിയായ ബനിറ്റോ, തമിഴ്നാട് തൂത്തൂർ സ്വദേശിയായ നസിയൻസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള രണ്ടു ട്രോളർ ബോട്ടുകളും മൂന്നു വള്ളങ്ങളും കസ്റ്റഡിയിൽ എടുത്തത്.
മറൈൻ ആംബുലൻസ് ക്യാപ്റ്റൻ വാൽത്തൂസ് ശബരിയാർ, എൻജിനീയർ അരവിന്ദൻ, ക്രൂമാരായ അഭിരാം, അഭിമന്യൂ, നേഴ്സ് കുബർട്ടിൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
ബോട്ടിലെ മത്സ്യങ്ങൾ അടുത്ത ദിവസം ലേല ചെയ്യും. പിഴ ഈടാക്കൽ അടക്കമുള്ള തുടർ നടപടികൾ വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.