മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ വികാരിയായി മാര്‍ ജോസഫ് പാംപ്ലാനിയെ നിയമിച്ചു
Sunday, January 12, 2025 1:47 AM IST
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ വികാരിയായി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി നിയമിതനായി.
മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലാണു നിയമിച്ചത്. ഈ മാസം ആറു മുതല്‍ 11 വരെ നടന്ന 33-ാമത് സിനഡിന്റെ ഒന്നാം സമ്മേളനമാണ് മാര്‍ പാംപ്ലാനിയെ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ വികാരിയായി തെരഞ്ഞെടുത്തത്. സിനഡിന്റെ ഈ തെരഞ്ഞെടുപ്പിന് ഫ്രാന്‍സിസ് മാര്‍പാപ്പ അപ്പസ്തോലിക് നുണ്‍ഷ്യോ വഴി അംഗീകാരം നൽകുകയും ചെയ്തു.
തലശേരി ആര്‍ച്ച്ബിഷപ്പായ മാര്‍ പാംപ്ലാനിക്ക് നിലവിലുള്ള ഉത്തരവാദിത്വത്തിനു പുറമേയായിരിക്കും പുതിയ ദൗത്യം. എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്തുനിന്നുള്ള മാര്‍ ബോസ്കോ പുത്തൂരിന്റെ രാജി ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചു.
2023 ഡിസംബര്‍ ഏഴിനു നിയമിതനായ മാര്‍ ബോസ്കോ പുത്തൂര്‍ 2024 സെപ്റ്റംബറിലാണ് ആരോഗ്യ കാരണങ്ങളാല്‍ തന്റെ രാജി സമര്‍പ്പിച്ചത്. ഇതോടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല പരിശുദ്ധ സിംഹാസനം അതിരൂപതാധ്യക്ഷന്കൂടിയായ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ ഏൽപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അതിരൂപതയുടെ സാധാരണ ഭരണനിര്‍വഹണം നടത്താനുള്ള ചുമതല നൽകിക്കൊണ്ട് മാര്‍ ജോസഫ് പാംപ്ലാനിയെ മേജര്‍ ആര്‍ച്ച്ബിഷപ് അതിരൂപതയില്‍ തന്റെ വികാരിയായി നിയമിച്ചിരിക്കുന്നത്. അതേസമയം, ആര്‍ച്ച്ബിഷപ് ഡോ. സിറിൾ വാസില്‍ അതിരൂപതയുടെ പൊന്തിഫിക്കല്‍ ഡെലഗേറ്റായി തുടരും.
2017 നവംബര്‍ എട്ടിന് തലശേരി അതിരൂപത സഹായമെത്രാനായി അഭിഷിക്തനായ മാർ പാംപ്ലാനി 2022 ഏപ്രില്‍ 22ന് അതിരൂപതയുടെ ആർച്ച്ബിഷപ്പായി. സീറോമലബാര്‍ മെത്രാന് സിനഡിന്റെ സെക്രട്ടറിയും പെര്‍മനന്റ് സിനഡിലെ അംഗവുമാണ് മാര്‍ പാംപ്ലാനി.