വേമ്പനാട് കായല്‍ കൈയേറ്റം; കേരള തീരദേശ പരിപാലന അഥോറിറ്റി കേസുകളൊന്നും എടുത്തിട്ടില്ലെന്ന് രേഖകള്‍
Sunday, January 12, 2025 1:46 AM IST
സീമ മോഹന്‍ലാല്‍
കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട് കായലിലെ തീരദേശ പരിപാലന നിയമം ലംഘിച്ചുള്ള കൈയേറ്റവുമായി ബന്ധപ്പെട്ട് കേരള തീരദേശ പരിപാലന അഥോറിറ്റി കഴിഞ്ഞ വര്‍ഷം കേസുകളൊന്നും എടുത്തിട്ടില്ലെന്ന് രേഖകള്‍. കായല്‍ കൈയേറ്റങ്ങളുടെ എണ്ണവും അഥോറിറ്റിയില്‍ ലഭ്യമല്ല.
2024 വര്‍ഷത്തില്‍ തീരദേശ പരിപാല നിയമം ലംഘിച്ച് വേമ്പനാട്ട് കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് എത്ര കൈയേറ്റങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്, കേസുകള്‍ എത്ര, ജില്ല തിരിച്ചുള്ള എണ്ണം, ജില്ല തിരിച്ചുള്ള കേസുകളുടെ എണ്ണം, കേസെടുത്ത സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും വിവരം, കൈയേറിയ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ രാജു വാഴക്കാല സമര്‍പ്പിച്ച വിവരാവകാശ രേഖയിലാണ് കേരള തീരദേശ പരിപാലന അഥോറിറ്റിയുടെ ഈ വിചിത്രമായ മറുപടി.
മേല്‍പ്പറഞ്ഞ വിവരങ്ങള്‍ ഈ ഓഫീസില്‍ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല. വിശദീകരണങ്ങള്‍, വ്യാഖ്യാനങ്ങള്‍, ടിപ്പണികള്‍ മുതലായവ ആവശ്യപ്പെടുക, അഭിപ്രായങ്ങള്‍ തേടുക, വിവരങ്ങള്‍ ക്രോഡീകരിച്ചു നല്‍കുക, സുദീര്‍ഘവും സങ്കീര്‍ണവുമായ ചോദ്യങ്ങള്‍ ചോദിക്കുക, പരാതിക്കു പരിഹാരം ആവശ്യപ്പെടുക എന്നിവ വിവരാവകാശ നിയമം സെക്ഷന്‍ 2 (എഫ്), 2 (ജെ) പ്രകാരം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും അറിയിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം അപ്പീല്‍ നല്‍കിയെങ്കിലും കേരള തീരദേശ പരിപാലന അഥോറിറ്റി കഴിഞ്ഞ വര്‍ഷം കൈയേറ്റവുമായി ബന്ധപ്പെട്ട് കേസുകളൊന്നും എടുത്തിട്ടില്ലെന്ന രേഖകളാണ് മറുപടിയായി നല്‍കിയിരിക്കുന്നത്.
വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു മാത്രമേ ലഭിക്കുകയുള്ളൂവെന്നുമാണ് അറിയിച്ചിരിക്കുന്നത്.