കര്‍ദിനാള്‍ മാര്‍ ക്ലീമിസ് പാണക്കാട്ടെത്തി
Saturday, January 11, 2025 2:17 AM IST
മലപ്പുറം: മതസൗഹാര്‍ദത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശവുമായി കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെസിബിസി) പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്തി.
സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാ എന്നിവര്‍ ചേര്‍ന്നു കർദിനാളിനെ സ്വീകരിച്ചു.
മലപ്പുറത്ത് വിവിധ പരിപാടികള്‍ക്കായി എത്തിയതായിരുന്നു കര്‍ദിനാള്‍. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു പാണക്കാട് സന്ദര്‍ശനം. ഒരുമണിക്കൂറോളം അദ്ദേഹം പാണക്കാട്ട് ചെലവഴിച്ചു.
മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കാന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ദിനാള്‍ എല്ലാ പിന്തുണയും അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ സമുദായങ്ങള്‍ തമ്മില്‍ സൗഹാര്‍ദത്തോടെയും ഒത്തിണക്കത്തോടെയും മുന്നോട്ടുപോകണമെന്ന് അദ്ദേഹം പറഞ്ഞു.
മുനമ്പം അടക്കമുള്ള പ്രശ്നങ്ങള്‍ സമുദായങ്ങള്‍ തമ്മിലുള്ള വെറുപ്പിനുള്ള അഗ്നിയാക്കാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ അതിനെ അണച്ചുകളഞ്ഞ സാദിഖലി തങ്ങളുടെ ഇടപെടലിനെ കർദിനാൾ അഭിനന്ദിച്ചു. മാനവസൗഹാര്‍ദം നിലനില്ക്കാന് ഇനിയും ഇത്തരം ഇടപെടലുണ്ടാകണമെന്ന് കര്‍ദിനാള്‍ മാര്‍ ക്ലീമീസ് പറഞ്ഞു.
പാണക്കാട് സാദിഖലി തങ്ങളെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും കര്‍ദിനാള്‍ സഭാ ആസ്ഥാനത്തേക്ക് ക്ഷണിച്ചു. ഉച്ചഭക്ഷണവും കഴിച്ചാണ് കര്‍ദിനാള്‍ പാണക്കാട്ടുനിന്ന് മടങ്ങിയത്.