പെട്രോൾ പന്പുകൾ അടച്ചിട്ടു
Sunday, January 12, 2025 1:46 AM IST
കോഴിക്കോട്: എച്ച്പിസിഎൽ ഓഫിസിൽ ചർച്ചയ്ക്കെത്തിയ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവേഴ്സ് യൂണിയൻ നേതാക്കൾ മർദിച്ചെന്നാരോപിച്ച് കോഴിക്കോട് ജില്ലയിൽ പെട്രോൾ പന്പുകൾ അടച്ചിട്ടു.
ഇന്നലെ വൈകുന്നേരം നാലുമുതല്‍ ആറുവരെയാണ് പെട്രോള്‍ ഡീലേഴ്സ് അസോസിയേഷനു കീഴിലെ പമ്പുകൾ അടച്ചത്.
ഇന്ധനവുമായി പമ്പുകളിലെത്തുന്ന ലോറി ഡ്രൈവർമാർക്ക് ‘ചായക്കാശ്’ എന്ന പേരിൽ ഒരു തുക നൽകുന്ന പതിവുണ്ട്.
300 രൂപ വരെയാണ് നിലവിൽ നൽകുന്നത്. ഈ തുകയിൽ വർധന വേണമെന്നാവശ്യപ്പെട്ട് ഡ്രൈവർമാർ രംഗത്തെത്തുകയും ആവശ്യം ഡീലർമാർ നിരസിക്കുകയും ചെയ്തതിനെ തുടർന്നായിരുന്നു തർക്കം.
ഇക്കാര്യം പരിഹരിക്കാനാണ് കോഴിക്കോട് എലത്തൂരിലെ ഡിപ്പോയിൽ ചർച്ച നടന്നത്. എന്നാൽ ഇതിനിടെ ടാങ്കർ ലോറി ഡ്രൈവർമാർ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികളെ കൈയേറ്റം ചെയ്തെന്നാണ് ആരോപണം.