മെസി ഒക്ടോബർ 25നു കേരളത്തിലെത്തുമെന്ന് മന്ത്രി
Sunday, January 12, 2025 1:46 AM IST
കോഴിക്കോട്: അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഒക്ടോബർ 25നു കേരളത്തിലെത്തുമെന്നും ഏഴുദിവസം സംസ്ഥാനത്തുണ്ടാകുമെന്നും കായികമന്ത്രി വി.അബ്ദുറഹിമാൻ അറിയിച്ചു. നവംബർ രണ്ടുവരെ അദ്ദേഹം കേരളത്തിലുണ്ടാകും.
സൗഹൃദമത്സരത്തിൽ പന്തു തട്ടുന്ന മെസി 20 മിനിറ്റ് പൊതുയോഗത്തിലും പങ്കെടുക്കും. മറ്റു വിശദാംശങ്ങൾ മന്ത്രി വെളിപ്പെടുത്തിയില്ല.
ഖത്തറിൽ ലോകകപ്പ് ചാന്പ്യൻമാരായ ശേഷം, ഇന്ത്യയിൽ കളിക്കാൻ തയ്യാറാണെന്നു അർജന്റീന ടീം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനെ അറിയിച്ചിരുന്നു. എന്നാൽ ചെലവു താങ്ങാനാവില്ലെന്ന കാരണത്താൽ അസോസിയേഷൻ താത്പര്യം കാണിച്ചില്ല. തുടർന്ന് മന്ത്രി അബ്ദുറഹിമാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റുമായി ബന്ധപ്പെട്ട് കേരളത്തിലേക്കു ക്ഷണിക്കുകയായിരുന്നു. ലോകകപ്പ് നേടിയ ശേഷം കേരളത്തിലെ ആരാധകരോട് അർജന്റീന നന്ദി അറിയിച്ചിരുന്നു.