ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ചെലവഴിച്ചത് 6,000 കോടി: മന്ത്രി ആര്. ബിന്ദു
Sunday, January 12, 2025 1:46 AM IST
കൊച്ചി: കഴിഞ്ഞ നാലുവര്‍ഷമായി സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ 6,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണു നടന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു. ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവിനു മുന്നോടിയായി കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അടിസ്ഥാനസൗകര്യ വിപുലീകരണത്തിനു മാത്രമായി 2,000 കോടി ഉപയോഗിച്ചു. കിഫ്ബി, പ്ലാന്‍ ഫണ്ട്, റൂസ എന്നിങ്ങനെ വിവിധ പദ്ധതികളിലായി വിപുലമായ വികസനമാണ് അടിസ്ഥാനസൗകര്യ രംഗത്തു നടപ്പാക്കിയത്. കേരള, എംജി സര്‍വകലാശാലകളില്‍ ഒരുക്കിയ ലാബ് കോംപ്ലക്സുകളുടെ മാതൃകയില്‍ കുസാറ്റിലെ ലാബ് സൗകര്യങ്ങള്‍ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി 250 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെലവഴിച്ചത്.
എല്ലാ കുട്ടികളും വിദേശത്തേക്കു പോകുന്നുവെന്ന പ്രചാരണം ശരിയല്ല. ആഗോളവത്കരണത്തിന്റെ ഭാഗമായി അതിര്‍ത്തി രേഖകള്‍ അപ്രത്യക്ഷമാകുന്ന കാലമാണിത്. വിദേശവിദ്യാഭ്യാസം മുമ്പത്തേക്കാള്‍ എളുപ്പത്തില്‍ സാധ്യമാകുന്നു. ഇന്ത്യയില്‍നിന്നു പുറത്ത് വിദ്യാഭ്യാസത്തിനു പോകുന്ന കുട്ടികളുടെ കണക്കെടുത്താല്‍ വെറും നാലു ശതമാനം മാത്രമാണ് കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍.
പുതുതായി അവതരിപ്പിച്ച നാലുവര്‍ഷ ബിരുദ പ്രോഗ്രാമിനോട് പോസിറ്റീവായ പ്രതികരണമാണു ലഭിക്കുന്നത്. ഒരു സെമസ്റ്ററാണ് നിലവില്‍ പൂര്‍ത്തിയായിട്ടുള്ളത്. പുതിയൊരു രീതി അവതരിപ്പിക്കുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പൊതുവെ ഇക്കാര്യത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ കോളജുകളില്‍ മാത്രമല്ല എയ്ഡഡ് സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും കൂടുതല്‍ മെച്ചപ്പെട്ട ക്രമീകരണം ഏര്‍പ്പെടുത്തുന്നതായും മന്ത്രി വ്യക്തമാക്കി.
ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവ് 14 മുതല്‍ കൊച്ചിയില്‍
കൊച്ചി: ഉന്നതവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവ് 14, 15 തീയതികളില്‍ കൊച്ചിയില്‍ നടക്കും.
സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലുമായി ചേര്‍ന്ന് കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലാണ് (കുസാറ്റ്) കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. 14ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മന്ത്രി ആര്. ബിന്ദു അധ്യക്ഷത വഹിക്കും.
ഗവേഷണമികവ് വളര്‍ത്തല്‍, അന്താരാഷ്ട്ര വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ നവീന മാര്‍ഗങ്ങള്‍ ആവിഷ്കരിക്കല്, ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബായി മാറുന്നതിനു സംസ്ഥാനതലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്നിവ കോണ്‍ക്ലേവ് വിശദമായി ചര്‍ച്ച ചെയ്യും.
കോണ്‍ക്ലേവിനു മുന്നോടിയായി നാളെ രാവിലെ പത്തു മുതല്‍ രാജഗിരി കോളജില്‍ ‘സ്റ്റഡി ഇന്‍ കേരള’ എന്ന വിഷയത്തില്‍ പ്രീകോണ്ക്ലേവ് ശില്പശാല നടക്കും. മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും. കോണ്‍ക്ലേവിനോടനുബന്ധിച്ച് നാളെ രാവിലെ 11 മുതല്‍ കുസാറ്റിൽ ഉന്നതവിദ്യാഭ്യാസ പ്രദര്‍ശനവും അരങ്ങേറുമെന്ന് മന്ത്രി ആര്. ബിന്ദു അറിയിച്ചു.