ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യപ്രതി ഇപ്പോഴും ഒളിവില്‍
Sunday, January 12, 2025 1:46 AM IST
കോഴിക്കോട്: പത്താംക്ലാസ് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ മുഖ്യപ്രതി കൊടുവള്ളിയിലെ എംഎസ് സൊലൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബിനെ ഇതുവരെ പിടികൂടാനായിട്ടില്ല.
സര്‍ക്കാര്‍ സര്‍വീസിലുള്ള അധ്യാപകരുടെയോ ജീവനക്കാരുടെയോ സഹായത്തോടെയാണ് ചോദ്യപേപ്പര്‍ ലഭിച്ചതെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.എന്നാല്‍, കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാന്‍ സംഘത്തിന് കഴിഞ്ഞിട്ടില്ല.
ഷുഹൈബ് ഒളിവില്‍ കഴിയുന്ന സ്ഥലം കണ്ടെത്താനും സംഘത്തിനു കഴിഞ്ഞിട്ടില്ല. അമിത സാമ്പത്തിക വരുമാനത്തിനായി ഒന്നാം പ്രതി ഷുഹൈബും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മറ്റു പ്രതികളും ചേര്‍ന്ന് കുറ്റകരമായ ഗൂഢാലോചന നടത്തി സ്കൂള്‍തല പാദവാര്‍ഷിക, അര്‍ധവാര്‍ഷിക പരീക്ഷകളുടെ ചോദ്യങ്ങള്‍ ചോര്‍ത്തിയെടുത്ത് പരീക്ഷയുടെ തലേദിവസം പ്രവചനമെന്ന പേരില്‍ എംഎസ് സൊലൂഷന്‍സ് എന്ന യുട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ചതായാണ് കണ്ടെത്തല്‍. ഷുഹൈബിന്റെ കൊടുവള്ളിയിലെ വീട് പൂട്ടിയിട്ട നിലയിലാണ്.