ഭക്തിസാന്ദ്രമായി എരുമേലി പേട്ടതുള്ളൽ
Sunday, January 12, 2025 1:46 AM IST
എരുമേലി: അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളുടെ പേട്ട തുള്ളൽ ശരണസ്തുതികളുടെ മാറ്റൊലിയിൽ ഭക്തിസാന്ദ്രമായി. ഭഗവാന്റെ തിടമ്പേറ്റി മുസ്ലീം പള്ളിയെ വലം ചുറ്റിയ ഗജവീരനെ മുല്ലപ്പൂക്കൾ വാരി വിതറി ജമാഅത്ത് ഭാരവാഹികൾ ആദരവോടെ സ്വീകരിച്ചു. ആയിരങ്ങളാണ് ഭക്തിയുടെയും വിശ്വാസത്തിന്റെയും മത സാഹോദര്യത്തിന്റെയും ഇഴയടുപ്പം നിറഞ്ഞ ഈ കാഴ്ചകൾ കാണാൻ പേട്ടക്കവലയിൽ തിങ്ങി നിറഞ്ഞത്.
ഇന്നലെ രാവിലെ 11 ഓടെയാണ് പേട്ടതുള്ളൽ ആരംഭിക്കാനുള്ള ചടങ്ങുകൾ തുടങ്ങിയത്. കൊച്ചമ്പലത്തിൽനിന്ന് ആരംഭിച്ച് പേട്ടതുള്ളൽ നൈനാർ പള്ളിയിൽ പ്രവേശിച്ചതോടെ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ജമാഅത്ത് പ്രസിഡന്റ് നാസർ പനച്ചി, സെക്രട്ടറി മിഥുലാജ് പുത്തൻവീട് എന്നിവരുടെ നേതൃത്വത്തിൽ ജമാഅത്ത് ഭാരവാഹികൾ അമ്പലപ്പുഴ സംഘത്തെ ചന്ദന ലേപനം ചാർത്തിയും പുഷ്പവൃഷ്ടി നടത്തിയും ഹരിത ഷാളുകൾ അണിയിച്ചും മാലയിട്ടും സ്വീകരിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിനാണ് അമ്പലപ്പുഴ പേട്ട സംഘം വലിയമ്പലത്തിൽ പ്രവേശിച്ചത്.
ഇതേസമയത്ത് ആലങ്ങാട്ടു സംഘത്തിന്റെ പേട്ട തുടങ്ങിയിരുന്നു. കൊച്ചമ്പലത്തിൽനിന്നു ചാർത്തി പൂജിച്ച് നൽകിയ ഗോളകയുമായി യോഗ പെരിയോൻ എം.കെ. വിജയകുമാറിന്റെ നേതൃത്വത്തിലാണ് പേട്ടകെട്ട് ആരംഭിച്ചത്. 6.30നാണ് ആലങ്ങാട് സംഘത്തിന്റെ പേട്ട ധർമക്ഷേത്രത്തിന്റെ ഗോപുരത്തിൽ എത്തിയത്.
ദേവസ്വം ബോർഡ് ഭാരവാഹികൾ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ഡെപ്യൂട്ടി കമ്മീഷണർ എൻ. ശ്രീധര ശർമ എന്നിവരുടെ നേതൃത്വത്തിൽ ആലങ്ങാട്ട് പേട്ടയെ ആചാരപൂർവം സ്വീകരിച്ചു. തുടർന്ന് ക്ഷേത്ര പ്രദക്ഷിണത്തിനുശേഷം അയ്യപ്പസാന്നിധ്യമുള്ള ഗോളക ധർമശാസ്താവിനു ചാർത്തി ദീപാരാധനയോടെ പേട്ട ഉത്സവത്തിനു പരിസമാപ്തിയായി.