ചെങ്ങന്നൂർ ഉപജില്ലാ കലോത്സവം: ഇന്നു തിരിതെളിയും
1466741
Tuesday, November 5, 2024 7:41 AM IST
മാന്നാർ: ചെങ്ങന്നൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മാന്നാറിൽ ഇന്നു തിരിതെളിയും. എട്ടുവരെ നാലുദിവസങ്ങളിലായി മാന്നാർ നായർ സമാജം സ്കൂളിലാണ് കലോത്സവ വേദി. ചെങ്ങന്നൂർ ഉപജില്ലയിലെ 97 സ്കൂളുകളിൽനിന്നായി നാലായിരത്തോളം പ്രതിഭകളാണ് പങ്കെടുക്കുന്നത്.
ആകെ 339 മത്സര ഇനങ്ങളിലാണ് വിദ്യാർഥികൾ മത്സരിക്കുന്നത്. കലോത്സവത്തിന്റെ ഉദ്ഘാടനം രാവിലെ 10ന് ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സലിം നിർവഹിക്കും
ആറുവേദികളിലാണ് മത്സരം. സമാജം ഗേൾസ് ഹൈസ്കൂളിന്റെ ഓപ്പൺ സ്റ്റേജാണ് പ്രധാനവേദി. കൂടാതെ എൻഎസ് ഗേൾസ് സ്കൂൾ ഓഡിറ്റോറിയം, എൻഎസ് ബോയ്സ് സ്കൂൾ ഓഡിറ്റോറിയം, എൻഎസ്ടിടിഐ, അക്ഷര നായർ സമാജം ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിലാണ് മറ്റു വേദികൾ.
പുതുക്കിയ മാനുവലിൽ ഗോത്ര വിഭാഗങ്ങളുടെ നൃത്തരൂപമായ മംഗലംകളി, പണിയ നൃത്തം, ഇരുള നൃത്തം മലപ്പുലയാട്ടം തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. പൂർണമായും ഹരിത പ്രോട്ടോകോൾ പാലിച്ചാണ് കലോത്സവം നടക്കുന്നത്. സമാപന സമ്മേളനം എട്ടിന് വൈകിട്ട് അഞ്ചിന് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല മോഹൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം സി.കെ. ഹേമലത സമ്മാനദാനം നിർവഹിക്കും.