ഉപജില്ലയിലെ മികച്ച സ്കൂള്‍: മതിലകം ലിറ്റില്‍ ഫ്ളവര്‍ യുപി സ്കൂളില്‍ വിജയോത്സവം നടത്തി
1466738
Tuesday, November 5, 2024 7:41 AM IST
ചേര്‍ത്തല: അക്കാദമിക നിലവാരങ്ങളിലും കലോത്സവങ്ങളിലും ശാസ്ത്രോത്സവങ്ങളിലും തുടര്‍ച്ചയായി മികച്ച നേട്ടം കൈവരിച്ച മതിലകം ലിറ്റില്‍ ഫ്ളവര്‍ യുപി സ്കൂളിന് ഉപജില്ലയിലെ മികച്ച സ്കൂളിനുള്ള പുരസ്കാരവും സ്വന്തം. ചേർത്തല ഉപജില്ലാ സ്കൂള്‍ കലോത്സവത്തിൽ യുപി വിഭാഗത്തിൽ 72 പോയിന്റും എൽപി വിഭാഗത്തിൽ 59 പോയിന്റും നേടി ഓവറോൾ ചാമ്പ്യൻഷിപ് നേടിയതു കൂടാതെ സ്കൂള്‍ ഗണിതശാസ്ത്രം, സാമൂഹിക ശാസ്ത്രമേളകളിലും ഓവറോൾ കിരീടം നേടിയിരുന്നു.
കലോത്സവവേദികളില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി തുടര്‍ച്ചയായി മതിലകം സ്കൂളിലെ കുട്ടികളാണ് മുന്നിലെത്തുന്നത്. സ്കൂളിന്റെ മികച്ച വിജയത്തിനു നേതൃത്വം നല്കിയ കുട്ടികളെ അനുമോദിക്കുന്നതിനായി സ് കൂള്‍ അധികൃതര്‍ ഇന്നലെ വിജയോത്സവം-2024 സംഘടിപ്പിച്ചു.
ഉത്സവാന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് ജേതാക്കള്‍ക്കു പുരസ്കാരങ്ങള്‍ സമ്മാനിച്ചു. മികച്ച നേട്ടങ്ങളിലൂടെ ഉപജില്ലയിലെ എല്‍പി, യുപി സ്കൂളിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ മതിലകം ലിറ്റില്‍ ഫ്ളവര്‍ യുപി സ്കൂള്‍ മാതൃകയാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
മികച്ച സ്കൂളിനുള്ള അവാര്‍ഡ് മാനേജര്‍ സിസ്റ്റര്‍ ഇസബെല്‍ ഫ്രാന്‍സീസും മികച്ച പ്രഥമാധ്യാപികയ്ക്കുള്ള അവാര്‍ഡ് സിസ്റ്റര്‍ പി.പി. മേഴ്സിയും ജില്ലാ കളക്ടറില്‍നിന്നും സ്വീകരിച്ചു. സമ്മേളനം നഗരസഭാ ചെയര്‍പേഴ്സണ്‍ ഷേര്‍ളി ഭാര്ഗവന് ഉ്ദഘാടനം ചെയ്തു. റോട്ടറി മുന്‍ ഗവര്‍ണര്‍ കെ. ബാബുമോന്, കൗണ്‍സിലര്‍ എസ്. ശ്രീജ, പിടിഎ പ്രസിഡന്റ് കെ. അനീഷ്, വൈസ് പ്രസിഡന്റ് ജോസി എന്നിവര്‍ പ്രസംഗിച്ചു.