ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ കെ-റെയിൽ നടപ്പാക്കാൻ അനുവദിക്കില്ല: കൊടിക്കുന്നിൽ സുരേഷ് എംപി
1466445
Monday, November 4, 2024 5:26 AM IST
ചാരുംമൂട്: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കെ-റെയിൽ പദ്ധതിക്കു വേണ്ടി അനുകൂലമായി നിലപാട് സ്വീകരിച്ചതിനെ വിമർശിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാതെ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കൊടിക്കുന്നിൽ വ്യക്തമാക്കി.
പാത കടന്നുപോകുന്ന സ്ഥലങ്ങളിലെ ജനങ്ങളുടെ പുനരധിവാസത്തിന് പ്രാധാന്യം നൽകാതെ മുന്നോട്ടുപോകുന്നത് ജനാധിപത്യവിരുദ്ധമാണ്. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാതെ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നും വേണ്ടിവന്നാൽ താത്കാലികമായി നിർത്തിവച്ച സമരങ്ങൾ വീണ്ടും ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പദ്ധതിയുമായി ബന്ധപ്പെട്ടുള്ള നയപരമായ ശിപാർശകൾ പുനഃപരിശോധിച്ച് പൊതുജനങ്ങളുമായി സംവദിച്ചാണ് സര്ക്കാര് മുന്നോട്ടു പോകേണ്ടത്. ജനങ്ങളുടെ വാസസ്ഥലങ്ങൾ, കൃഷി ഭൂമി എന്നിവ സംരക്ഷിക്കപ്പെടണം, ന്യായമായ നഷ്ടപരിഹാരങ്ങൾ ലഭ്യമാക്കപ്പെടണം.
ലോകബാങ്ക് പോലെയുള്ള ആഗോള സ്ഥാപനങ്ങൾ നിർദേശിക്കുന്ന തരത്തിലുള്ള പുനരധിവാസ പാക്കേജും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും സർക്കാർ ഉറപ്പുവരുത്തി പ്രഖ്യാപിക്കണം.
ജനങ്ങളുടെ ആശങ്ക റെയിൽവേ മന്ത്രിയെ നേരിട്ട് അറിയിക്കും. കേരളത്തിലെ പൊതുജനങ്ങളുടെ അവകാശങ്ങൾക്കും ആശങ്കകൾക്കും ശാശ്വതമായ പരിഹാരം ഉറപ്പാക്കാത്ത പദ്ധതിയിൽ ഒരിക്കലും യോജിപ്പില്ലെന്ന് എംപി കൂട്ടിച്ചേർത്തു.