ചെങ്ങന്നൂരിൽ കുടിവെള്ള പ്രതിസന്ധി രൂക്ഷം
1466449
Monday, November 4, 2024 5:26 AM IST
ചെങ്ങന്നൂർ: എംസി റോഡിൽ ജലവിതരണക്കുഴൽ പൊട്ടി ഒരു മാസമായിട്ടും നന്നാക്കാൻ നടപടിയില്ല. ചെങ്ങന്നൂരിനും ഐടിഐ ജംഗ്ഷനുമിടയിൽ പഴയ എക്സൈസ് ഓഫീസിനു സമീപം ഓടയ്ക്കടുത്താണ് ജലവിതരണക്കുഴൽ പൊട്ടിയിരിക്കുന്നത്.
നഗരസഭാ പ്രദേശത്ത് സാംക്രമിക രോഗങ്ങൾ റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ ഓടയ്ക്കു സമീപം പൈപ്പ് പൊട്ടിയത് ആശങ്കയുണ്ടാക്കുന്നതാണ്. മലിനജലം കുടിവെള്ളത്തിൽ കലരാൻ സാധ്യതയുണ്ട്. നഗരത്തിൽ മഞ്ഞപ്പിത്തത്തിനു കാരണം മോശം കുടിവെള്ളമാണെന്ന സംശയത്തിലാണ് ആരോഗ്യവകുപ്പ്.
സാംക്രമികരോഗങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നഗരസഭാ പ്രദേശത്ത് 90 അംഗ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകൾ സൂപ്പർ ക്ലോറിനേഷനു വിധേയമാക്കിയിരുന്നു. ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് ദിവസേന ജല അഥോറിറ്റിക്ക്. പൈപ്പ് പൊട്ടലിലൂടെ നഷ്ടമാകുന്നത്.
ഈ ഭാഗങ്ങളിൽ സ്ഥിരമായി പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകാറുണ്ടെങ്കിലും ഇത്തരത്തിൽ ഒരുമാസത്തിലേറെയായി വെള്ളം പാഴാകുന്നത് ആദ്യമായിട്ടാണെന്നും ഇതു പരിശോധിക്കാനോ പരിഹരിക്കാനോ അധികാരികൾ തയാറാകുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു.
ഈ ഭാഗങ്ങളിൽ ഒരു മാസമായി പൈപ്പിലൂടെ ലഭിക്കുന്ന വെള്ളത്തിനു ശക്തി കുറവാണ്. ഉയർന്ന പ്രദേശങ്ങളിലെ വീടുകളിലും കെട്ടിടങ്ങളിലും വെള്ളം ആവശ്യത്തിന് ലഭ്യമല്ല. ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇവിടങ്ങളിലേക്ക് വെള്ളമെത്തുന്നത്. വാട്ടർ കണക്ഷൻ ഉള്ളവരും പണം കൊടുത്ത് വാഹനങ്ങളിൽ വെള്ളം എത്തിക്കേണ്ട ഗതികേടിലാണിപ്പോൾ.