എല്‍ഡിഎഫ് ചെയര്‍പേഴ്സണ്‍ ഉദ്ഘാടനം ബഹിഷ്കരിച്ചു
1466735
Tuesday, November 5, 2024 7:41 AM IST
കായംകുളം: ഉപജില്ല കലോത്സവത്തിന്റെ ഉദ്ഘാടന യോഗം കായംകുളം നഗരസഭ ചെയര്‍പേഴ്സണ്‍ പി. ശശികല ബഹിഷ്കരിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷയായിട്ടാണ് നഗരസഭ ചെയര്‍പേഴ്സണ്‍ പി. ശശികലയെ ഉള്‍പ്പെടുത്തിയിരുന്നത്.
യു. പ്രതിഭ എംഎല്‍എയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഉപജില്ലാ കലോത്സവത്തിന്റെ ആലോചനായോഗവും തുടര്‍നടപടികളും പത്രസമ്മേളനവും തന്നെ അറിയിക്കാതെയാണ് സംഘാടകര്‍ നടത്തിയതെന്നും പ്രോട്ടോകോള്‍ പാലിച്ചില്ലെന്നും അതിനാലാണ് വിട്ടുനിന്നതെന്നും പി. ശശികല ദീപികയോട് പറഞ്ഞു. സര്‍ക്കാര്‍ പരിപാടിയായിട്ടും പ്രദേശത്തെ കൗണ്‍സിലര്‍മാരെയോ നഗരസഭ പ്രതിപക്ഷ നേതാവിനെയോ പരിപാടിയില്‍ പരിഗണിച്ചില്ല. സംഘാടക സമിതി ചെയര്‍മാനായി തന്നെ വച്ചതുപോലും അറിയിച്ചില്ലെന്നും ശശികല പറഞ്ഞു. എഇഒ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കാനും ചെയര്‍പേഴ്സണ്‍ ആലോചിക്കുന്നുണ്ട്.
നഗരസഭ ചെയര്‍പേഴ്സണെ ക്ഷണിക്കാതെ ഉപജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ നഗരസഭ വൈസ് ചെയര്മാന് ജെ. ആദര്‍ശിനെ ക്ഷണിച്ചതും വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചത് എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എയെ ആണ്. എന്നാല്‍ അദ്ദേഹം അസൗകര്യം അറിയിച്ചു.
പിന്നീട് പ്രോട്ടോകോള്‍ പ്രകാരം നഗരസഭ ചെയര്‍പേഴ്സനാണ് ഉദ്ഘാടക ആകേണ്ടത്. ഇത് പാലിക്കാതെ നഗരസഭ വൈസ് ചെയര്‍മാനെ വച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട് സിപിഎമ്മുകാരിയായിട്ടും നഗരസഭ ചെയര്‍പേഴ്സണായ ശശികലയെ പ്രാധാന്യം നല്‍കാതെ ഒതുക്കാന്‍ ഇടതുപക്ഷ അധ്യാപക സംഘടന ഭാരവാഹികളില്‍ ചിലര്‍ ചരടുവലിച്ചതായും അവര്‍ക്ക് ഇടതുപക്ഷത്തുനിന്നുതന്നെ രാഷ്ട്രീയ പിന്തുണ ലഭിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.