ഇറപ്പുഴ പാലത്തിന് പുതിയ തിളക്കം
1466055
Sunday, November 3, 2024 5:11 AM IST
ചെങ്ങന്നൂർ: മുണ്ടന്‍കാവ് ഇറപ്പുഴ പാലത്തില്‍ ചെങ്ങന്നൂര്‍ നഗരസഭ 50 പുതിയ തെരുവു വിളക്കുകള്‍ സ്ഥാപിച്ചു. പാലത്തിന്റെ ഇരുവശങ്ങളിലുമായി 36 വാട്സിന്റെ 25 വീതം എല്‍ഇഡി ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഡ്രീം ആര്‍ട്സ് എന്ന സ്ഥാപനവുമായി പത്തു വര്‍ഷത്തെ കരാറിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ തെരുവു വിളക്കുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഡ്രീം ആര്‍ട്സ് നഗരസഭയ്ക്ക് സൗജന്യമായാണ് തെരുവു വിളക്കുകള്‍ സ്ഥാപിച്ച് നല്‍കിയിട്ടുള്ളത്.
വരുന്ന 10 വര്‍ഷത്തേക്ക് വൈദ്യുതി ചാര്‍ജ് ഡ്രീം ആര്‍ട്സ് വഹിക്കും. ഇതിനു പകരമായി കരാര്‍ പ്രകാരം പത്തു വര്‍ഷം ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ള തൂണുകളില്‍ പരസ്യം ചെയ്യാനുള്ള അവകാശം ഡ്രീം ആട്സിന് ആയിരിക്കും. നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ.ശോഭാ വര്‍ഗീസ് തെരുവു വിളക്കുകളുടെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. വൈസ്- ചെയര്മാന് കെ. ഷിബുരാജന്‍ അധ്യക്ഷനായി.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ റിജോ ജോണ്‍ ജോര്‍ജ്, റ്റി. കുമാരി, അശോക് പടിപ്പുരക്കല്‍, കൗണ്‍സിലര്‍മാരായ രോഹിത് പി. കുമാര്‍, എസ്. സുധാമണി, പി.ഡി. മോഹനന്, എം. മനു കൃഷ്ണന്, സിനി ബിജു, എന്റെ കല്ലിശേരി വാട്ട്സാപ്പ് കൂട്ടായ്മ പ്രസിഡന്റ് സജി പാറപ്പുറം, ഡ്രീം ആര്‍ട്ട്സ് മാനേജിംഗ് ഡയറക്ടര്‍മാരായ സുജിന്‍ ലാല്‍, കെ.എസ്. സാദിക് എന്നിവര്‍ പ്രസംഗിച്ചു.